കോഴിക്കോട്: ചേവായൂരിൽ സ്റ്റേഷനിൽ നിന്നും പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ. എ എസ്.ഐ സജി, സി.പി.ഒ ദിലീഷ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്‌തത്. ഇവരുടെ ജാഗ്രതക്കുറവാണ് സംഭവത്തിന് കാരണമെന്നാണ് കണ്ടെത്തൽ.
അസി.കമ്മീഷണർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് കമ്മീഷണർ എ വി ജോർജ് ആണ് നടപടിയെടുത്തത്.ചേവായൂർ സ്റ്റേഷനിലെ രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്ക് വീഴ്‌ച പറ്റി എന്ന് സ്പെഷൽ ബ്രാഞ്ച് അസിസ്റ്റൻ്റ് കമ്മീഷണറും കണ്ടെത്തിയിരുന്നു. ഇവർക്കെതിരെ വകുപ്പുതല നടപടി ശുപാർശ ചെയ്യുന്ന അന്വേഷണ റിപ്പോർട്ട് ഇന്നലെ സിറ്റി പൊലീസ് കമ്മീഷണർക്ക് സമർപ്പിച്ചിരുന്നു.
ശനിയാഴ്‌ച വൈകീട്ട് ആറ് മണിയ്ക്കാണ് പോക്സോ കേസ് പ്രതിയായ കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫി ഓടി രക്ഷപ്പെട്ടത്. പിന്നീട് ഫെബിനെ പൊലീസ് പിടികൂടി.