തിരുവനന്തപുരം: എസ്.കെ.പി സ്ഥാപനത്തിന്‍റെ മാനേജരെ ആക്രമിച്ച കേസിൽ തുടരന്വേഷണ റിപ്പോര്‍ട്ട് സമർപ്പിക്കാൻ കഴിയാത്ത ഫോർട്ട് സി.ഐ രാകേഷിന് കോടതിൽ നേരിട്ട് ഹാജരാകാൻ നിർദേശം. ഏഴു വർഷം പഴക്കമുള്ള കേസിൽ കോടതി തുടരന്വേഷണത്തിനുള്ള ഉത്തരവ് നൽകി മാസങ്ങൾ കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് സമർപ്പിക്കാത്തത് എന്തുകൊണ്ടാണെന്ന് സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചിരുന്നു. എന്നാൽ റിപ്പോര്‍ട്ട് വൈകുന്നതിന്‍റെ കരണം അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചിട്ടില്ലെന്നായിരുന്നു അഭിഭാഷകന്‍റെ മറുപടി.
ഇതേ തുടർന്ന് കോടതി സി.ഐക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി. എന്നാൽ സി.ഐ ഇതിനും മറുപടി അറിയിച്ചില്ല. തുടർന്ന് കോടതി സി.ഐ രാകേഷിനെതിരെ കേസ് രജിസ്റ്റർ ചെയ്‌തു. ശനിയാഴ്‌ച കേസ് പരിഗണിച്ചപ്പോൾ സി.ഐ കോടതിയിൽ ഹാജരായില്ല. ഉദ്യോഗസ്ഥന്‍റെ ഈ ധിക്കാരപരമായ പെരുമാറ്റമാണ് കോടതിയെ ചൊടിപ്പിച്ചത്.
തിരുവനന്തപുരം അഞ്ചാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അശ്വതി നായരുടേതാണ് ഉത്തരവ്. മെയ് 27ന് കോടതിയിൽ നേരിട്ട് എത്തി വിശദീകരണം നൽകണം. 2015 ജൂലൈ 4നായിരുന്നു കേസിനാസ്‌പദമായ സംഭവം. കേസിൽ കുറ്റപത്രം സമർപ്പിച്ചപ്പോൾ ആറു പ്രതികൾ ഉണ്ടായിരുന്നു. എന്നാൽ ഇതിൽ ഒരു പ്രതിയെ തന്നെ രണ്ടു തവണ രേഖപ്പെടുത്തിയതാണെന്നും, കേസില്‍ അഞ്ചു പ്രതികളെ ഉള്ളുവെന്നും പ്രതിഭാഗം ചുണ്ടിക്കാട്ടിയതിനെ തുടർന്നണ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.