ചണ്ഡീഗഢ്: ചണ്ഡീഗഢിലെ സെക്‌ടർ 41 ലെ വീട്ടിൽ 22 കാരിയായ യുവതിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പഞ്ചാബ് സര്‍വകലാശാല വിദ്യാര്‍ഥിനിയായ അഞ്‌ജലിയാണ് മരിച്ചത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന പെണ്‍കുട്ടിയുടെ മാതൃസഹോദരന്‍ ഒളിവിലാണ്.
ഇന്ന് (20.08.2022) പുലര്‍ച്ചെയാണ് സംഭവം. അച്ഛന്‍ മരിച്ച പെണ്‍കുട്ടി അമ്മയ്‌ക്കും സഹോദരനുമൊപ്പമാണ് താമസിച്ചിരുന്നത്. അമ്മയും സഹോദരനും വീട്ടിലെ മറ്റ് മുറികളിലായിരുന്നപ്പോള്‍ പ്രതി അതിക്രമിച്ച് കയറി ആക്രമണം നടത്തുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.
കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കഴുത്തിലും, നെഞ്ചിലും മൂന്നോളം മുറിവുകളാണുണ്ടായിരുന്നത്. പ്രതിയെന്ന് കരുതുന്ന സത്‌ബീര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്നും പൊലീസ് വ്യക്തമാക്കി. ഇയാള്‍ക്കായുള്ള തെരച്ചില്‍ അന്വേഷണസംഘം ഊര്‍ജിതമാക്കിയിട്ടുണ്ട്.