പട്‌ന : ബിഹാറില്‍ ഗര്‍ഭപാത്ര ശസ്‌ത്രക്രിയക്കെത്തിയ യുവതിയുടെ ഇരു വൃക്കകളും നീക്കം ചെയ്ത സംഭവത്തില്‍ സ്വകാര്യ നഴ്‌സിംഗ് ഹോം ഉടമയെയും ഡോക്‌ടറെയും പിടികൂടാന്‍ മൂന്ന് പ്രത്യേക അന്വേഷണ സംഘങ്ങള്‍ രൂപീകരിച്ചതായി ബിഹാര്‍ പൊലീസ്. മുസാഫര്‍പൂര്‍ സ്വദേശിയായ സുനിത ദേവിയുടെ വൃക്കകളാണ് സ്വകാര്യ നഴ്‌സിങ് ഹോമായ ശുഭ്‌കാന്ത് ക്ലിനിക്കില്‍ നിന്ന് നീക്കം ചെയ്തത്.
സംഭവത്തില്‍ ക്ലിനിക്ക് ഉടമയായ പവൻ കുമാർ, വ്യാജ ഡോക്‌ടറെന്ന് സംശയിക്കുന്ന ആര്‍.കെ സിങ് എന്നിവര്‍ക്കെതിരെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സെപ്‌റ്റംബര്‍ 3നാണ് ഗര്‍ഭപാത്ര സംബന്ധമായ രോഗത്തെ തുടര്‍ന്ന് സുനിത ദേവി ശുഭ്‌കാന്ത് ക്ലിനിക്കില്‍ ശസ്‌ത്രക്രിയക്കെത്തിയത്. എന്നാല്‍ ശസ്ത്രക്രിയക്ക് ശേഷം തുടര്‍ച്ചയായി ക്ഷീണവും വയറുവേദനയും മറ്റ് ശാരീരിക അസ്വസ്ഥതകളുമുണ്ടായി.
ഇതേ തുടര്‍ന്ന് സെപ്‌റ്റംബര്‍ 7ന് സുനിതയെ ശ്രീ കൃഷ്‌ണ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സുനിതയെ പരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് ഇരു വൃക്കകളും നീക്കം ചെയ്‌തതായി കണ്ടെത്തിയത്. നിലവില്‍ പട്‌നയിലെ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (ഐജിഐഎംഎസ്) ഐസിയുവിൽ സുനിതയ്ക്ക് ഡയാലിസിസ് നല്‍കിയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും ആരോഗ്യ നില ഗുരുതരമാണെന്നും ഉടന്‍ തന്നെ വൃക്ക ലഭിക്കേണ്ടതുണ്ടെന്നും ഐജിഐഎംഎസിലെ ഡോക്‌ടര്‍മാര്‍ പറഞ്ഞു.
സുനിതയുടെ മറ്റ് ആന്തരിക അവയവങ്ങള്‍ കൂടി പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ടെന്ന് ഐജിഐഎംഎസിലെ നെഫ്രോളജി ആൻഡ് കിഡ്‌നി ട്രാൻസ്‌പ്ലാന്റ് വിഭാഗം മേധാവി ഡോക്‌ടർ ഓം കുമാർ അറിയിച്ചു. പ്രത്യേക മെഡിക്കല്‍ പരിശോധനകള്‍ക്ക് കൂടി സുനിതയെ വിധേയയാക്കേണ്ടി വരുമെന്നും ഡോക്‌ടര്‍ പറഞ്ഞു. അതേസമയം സുനിതയുടെ ചികിത്സ ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് കുടുംബത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് ഐജിഐഎംഎസ് പ്രിൻസിപ്പൽ ഡോക്ടർ രഞ്ജിത് ഗുഹയും അറിയിച്ചു.