കോട്ടയം : സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരന്‍റെ മാല മോഷ്‌ടിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. എരുമേലി ആറ്റാത്തറയിൽ വീട്ടിൽ മുനീർ (32), എരുമേലി നെല്ലിത്താനം വീട്ടിൽ മുബാറക്ക് എ റഫീഖ് (24) എന്നിവരെയാണ് എരുമേലി പൊലീസ് അറസ്റ്റ് ചെയ്‌തത്. ബുധനാഴ്‌ച വൈകുന്നേരം പ്രതികൾ എരുമേലിയിലുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെത്തിയാണ് മാല മോഷ്‌ടിക്കാൻ ശ്രമിച്ചത്.
വൈകുന്നേരത്തോടെ പ്രതികൾ പണമിടപാട് നടത്തുന്നതിന് എന്ന വ്യാജേന സ്ഥാപനത്തിലേക്ക് എത്തുകയും കൗണ്ടറിലിരിക്കുകയായിരുന്ന വിനീഷിന്‍റെ കൈയിൽ ബലമായി പിടിച്ചശേഷം മാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയുമായിരുന്നു. വിനീഷ് ശബ്‌ദമുണ്ടാക്കുകയും ബഹളം കേട്ട് കൂടെയുള്ള സഹപ്രവർത്തകർ വന്നപ്പോഴേക്കും ഇവർ സ്ഥാപനത്തിൽ നിന്നുമിറങ്ങി കാറിൽ കയറി രക്ഷപ്പെടുകയുമായിരുന്നു.
വിനീഷിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ല പൊലീസ് മേധാവി കെ കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതികളെ മണിക്കൂറുകൾക്കകം തന്നെ പിടികൂടി.പ്രതികളുടെ പേരിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുണ്ട്.
മുബാറക്കിന്‍റെ പേരിൽ എരുമേലി പൊലീസ് സ്റ്റേഷനിൽ വധശ്രമം, അടിപിടി തുടങ്ങി ഏഴ് കേസുകളും മുനീറിന്‍റെ പേരിൽ എരുമേലി, വെച്ചൂച്ചിറ, തൃക്കാക്കര എന്നീ സ്റ്റേഷനുകളിൽ വിവിധ കേസുകളുമുണ്ട്.