നിസാമാബാദ്: തെലങ്കാന ഗ്രാമീണ്‍ ബാങ്കില്‍ വന്‍ കവര്‍ച്ച. ബാങ്ക് ലോക്കര്‍ തകര്‍ത്ത് 4.46 കോടി മൂല്യം വരുന്ന സ്വര്‍ണവും പണവുമാണ് മോഷ്‌ടാക്കള്‍ കവര്‍ന്നത്. നിസാമാബാദ് ജില്ലയിലെ ദേശീയപാത 44-ല്‍ ബുസാപൂരിലാണ് സംഭവം.
7.30 ലക്ഷം രൂപയും 8.3 കിലോ സ്വർണാഭരണങ്ങളുമാണ് ബാങ്കില്‍ നിന്നും നഷ്‌ടപ്പെട്ടിട്ടുള്ളത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ തകര്‍ക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ച് ലോക്കറില്‍ സൂക്ഷിച്ചിരുന്ന ചില രേഖകളും പണവും കത്തി നശിച്ചിട്ടുണ്ട്. ശനിയാഴ്‌ച അര്‍ധരാത്രിയോടെയാണ് കവര്‍ച്ച നടന്നതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
തൊട്ടടുത്ത ദിവസം ബാങ്ക് അവധിയായതിനാല്‍ തിങ്കളാഴ്‌ചയോടെയാണ് മോഷണം നടന്ന വിവരം ബാങ്ക് ജീവനക്കാരുള്‍പ്പടെ അറിയുന്നത്. വിവരം അറിഞ്ഞുടന്‍ തന്നെ അധികൃതര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. മുഖമൂടി ധരിച്ചെത്തിയവരാണ് കവര്‍ച്ചയ്‌ക്ക് പിന്നിലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പൊലീസിന് ലഭിച്ച വിവരം.
ബാങ്ക് വളപ്പില്‍ നിന്ന് മോഷ്‌ടാക്കള്‍ ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന മുഖം മൂടിയും അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്. ബാങ്കിലെ സിസിടിവി ക്യാമറയും തകര്‍ത്ത മോഷ്‌ടാക്കള്‍ ഡിവിആറും എടുത്ത് കൊണ്ട് പോയി. വിരലടയാള വിദഗ്‌ദര്‍ ഉള്‍പ്പടെയുള്ളവര്‍ സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. മോഷ്‌ടാക്കള്‍ ബാങ്കിലേക്ക് എത്തിയ വഴിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
മോഷണത്തെക്കുറിച്ച് പൊലീസ് പറയുന്നത്: കെട്ടിടത്തിന്‍റെ താഴത്തെ നിലയിലെ പൂട്ട് പൊളിച്ചാണ് മോഷ്‌ടാക്കള്‍ ബാങ്കിനുള്ളില്‍ പ്രവേശിച്ചത്. തുടര്‍ന്ന് ഗ്യാസ് കട്ടറുകള്‍ ഉപയോഗിച്ച് സ്‌ട്രോങ് റൂമിന്‍റെ പൂട്ടുകള്‍ തകര്‍ത്തു. സ്വര്‍ണവും പണവും സൂക്ഷിച്ചിരുന്ന ലോക്കര്‍ തകര്‍ത്താണ് മോഷണം നടത്തിയത്.
7.30 ലക്ഷം രൂപയും 8.3 കിലോ സ്വർണാഭരണങ്ങളും ബാങ്കില്‍ നിന്ന് നഷ്‌ടപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ലോക്കര്‍ വാതില്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിക്കാന്‍ ശ്രമിക്കുന്നതിനിടെ തീപിടിത്തത്തിൽ പണവും രേഖകളും കത്തിനശിച്ചിട്ടുണ്ട്. ഗ്യാസ് സിലിണ്ടറുകളും ബാങ്കിനുള്ളില്‍ ഉപേക്ഷിച്ച ശേഷമാണ് മോഷ്‌ടാക്കള്‍ രക്ഷപ്പെട്ടത്.
ബാങ്കിലെ സ്‌ട്രോങ് റൂമിന്റെ ഓട്ടോമാറ്റിക് പൂട്ട് പ്രവർത്തിക്കാത്തതിനാൽ സാധാരണ പൂട്ടാണ് ഉപയോഗിച്ചിരുന്നത്. ലോക്കറില്‍ ഉപയോഗിച്ചിരുന്ന സുരക്ഷ ഉപകരണവും കവര്‍ച്ചക്കാര്‍ നേരത്തെ തന്നെ തകര്‍ത്തിരുന്നതായി പൊലീസ് പറഞ്ഞു. മോഷണത്തിന് പിന്നില്‍ അന്തര്‍സംസ്ഥാന കവര്‍ച്ച സംഘമാണെന്നാണ് അന്വേഷണസംഘത്തിന്‍റെ നിഗമനം.