ടെൽ അവീവ്: ഇസ്രയേൽ ഗസയിലേക്ക് നടത്തുന്ന ആക്രമണങ്ങളുടെ തുടർച്ചയായി ഞായറാഴ്ച പുലർച്ചെ ഗസ നഗരത്തിലുണ്ടായ ബോംബാക്രമണത്തിൽ ഇതുവരെ 15 പേർ കൊല്ലപ്പെട്ടതായി ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേൽ വ്യോമാക്രമണം ഗസ നഗരത്തിലെ അൽ-വഹ്ദത്തിനെ ലക്ഷ്യമിട്ടാണെന്ന് ശനിയാഴ്ച രാത്രി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തിരുന്നു. ബോംബാക്രമണം നടന്ന സ്ഥലത്ത് മണ്ണിനടിയിൽപ്പെട്ടവരെ പുറത്തെടുക്കുന്നത് തുടരുന്നതിനാൽ കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തേക്കാമെന്ന് ഗസയിലെ സിവിൽ ഡിഫൻസ് അറിയിച്ചു. കെട്ടിടവശിഷ്ടങ്ങൾക്കിടയിൽ ആളുകളുടെ നിലവിളികൾ ഇപ്പോഴും കേൾക്കുന്നുണ്ടെന്നും ഗസയിലെ സിവിൽ ഡിഫൻസ് പ്രതികരിച്ചു.
അതേസമയം ഇസ്രയേൽ സുരക്ഷാ മന്ത്രിസഭയിലെ യുദ്ധ തീരുമാനങ്ങൾ എടുക്കാൻ ഇസ്രയേൽ നിയമം അധികാരപ്പെടുത്തിയ മന്ത്രിമാരുടെ ചെറിയ കമ്മിറ്റി ഞായറാഴ്ച രാവിലെ ഗസയിലെ പോരാട്ടത്തിന്റെ അടുത്ത നടപടികൾ പരിഗണിക്കാൻ യോഗം ചേരുമെന്ന് റിപ്പോർട്ടുണ്ട്. അതിനിടെ ഗസ മുനമ്പിൽ വൈദ്യുത നിലയത്തിന്റെ ഇന്ധനം തീരുമെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ഇസ്രായേൽ സൈന്യം കെറം ഷാലോം ബോർഡർ അടച്ചിരുന്നു. അതിലൂടെയാണ് ഗാസയിലേക്കുള്ള പ്രാഥമിക പൈപ്പ്ലൈൻ കടന്നുപോകുന്നത്.
Also read: ഇസ്രയേൽ വ്യോമാക്രമണത്തെ അപലപിച്ച് യുഎന്‍ സെക്രട്ടറി ജനറൽ
നേരത്തെ നടന്ന അക്രമത്തെ തുടർന്ന് ഹമാസ് ഇസ്രായേൽ നഗരങ്ങളിലേക്ക് ഒന്നിലധികം റോക്കറ്റ് ആക്രമണങ്ങൾ നടത്തിയതിന് പിന്നാലെയാണ് ഇസ്രായേൽ ഗാസയിൽ വ്യോമാക്രമണം നടത്തുന്നത്. ഈ മാസം ആദ്യം, പലസ്തീൻ കുടുംബങ്ങളെ ജെറുസലേമിന്റെ കിഴക്കൽ പ്രദേശത്ത് നിന്ന് പുറത്താക്കാനുള്ള ഇസ്രായേൽ കോടതിയുടെ തീരുമാനത്തെത്തുടർന്നാണ് പ്രദേശത്ത് സംഘർഷം ഉടലെടുത്തത്.