തൃശ്ശൂര്‍: കൊവിഡ് നിരീക്ഷണത്തിൽ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി എ.സി മൊയ്‌തീന്‍റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധ മാര്‍ച്ച്. പ്രകടനവുമായി എത്തിയ പ്രവർത്തകരെ മന്ത്രിയുടെ കല്ലംപാറയിലെ വീടിനു 100 മീറ്റർ അകലെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി. ഗുരുവായൂരിലെത്തിയ പ്രവാസികളെ മന്ത്രി നേരിട്ടെത്തി സ്വീകരിച്ച സംഭവത്തിന് പിന്നാലെയാണ് മന്ത്രി നിരീക്ഷണത്തില്‍ പോകണമെന്ന് കോണ്‍ഗ്രസ് ആവശ്യമുന്നയിച്ചത്.
ഗുരുവായൂരിലെത്തിയ പ്രവാസികളുമായി കൃത്യമായി അകലം പാലിച്ചിരുന്നുവെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ വാളയാർ സംഭവത്തിന് പിന്നാലെ അനിൽ അക്കര എം.എൽ.എ ഉൾപ്പടെയുള്ള ജനപ്രതിനിധികളുമായി തൃശ്ശൂരിൽ യോഗത്തിൽ പങ്കെടുത്തതിനാൽ മെഡിക്കൽ ബോർഡിന്‍റെ നിർദേശം ലഭിച്ചാൽ നിരീക്ഷണത്തില്‍ പ്രവേശിക്കാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.