തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ജില്ലയില്‍ 74.56 ശതമാനം പോളിങ് രേഖപ്പെടുത്തി. 26,86,959 വോട്ടർമാരുള്ള ജില്ലയിൽ 20,02,442 പേരും വോട്ട് ചെയ്തു. 63.31 ശതമാനമാണ് കോര്‍പ്പറേഷനിലെ പോളിങ്. അതിരാവിലെ വോട്ടർമാരുടെ നീണ്ട ക്യൂവാണ് ബൂത്തുകൾക്ക് മുന്നിൽ കാണാനായത്. വോട്ടെടുപ്പ് ആരംഭിച്ച് ഒരു മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ ജില്ലയിൽ 6.78 ശതമാനം വോട്ടിങ് രേഖപ്പെടുത്തി. തൃശൂർ പാണഞ്ചേരിയിലെ ഒമ്പതാം വാർഡിൽ ഒന്നാം ബൂത്തിലെ വോട്ടിങ് യന്ത്രത്തിന് തകരാര്‍ സംഭവിച്ചതിനെ തുടർന്ന് പോളിങ് തടസപ്പെട്ടുവെങ്കിലും അൽപ്പസമയത്തിനകം തകരാർ പരിഹരിച്ചു പോളിങ് പുനരാരംഭിച്ചു. ചേലക്കര പഞ്ചായത്തിൽ പനംകുറ്റി വാർഡിൽ രണ്ടാം നമ്പർ ബൂത്തിലും സമാനമായി വോട്ടിങ് മെഷീൻ തകരാറിലായതിനെ തുടർന്ന് വോട്ടിങ് തടസപ്പെട്ടിരുന്നു.
തൃശൂരിലെ തെക്കുംകര പനങ്ങാട്ടുകരയിലെ പോളിങ് ബൂത്തിലാണ് മന്ത്രി എ.സി മൊയ്തീൻ വോട്ട് രേഖപ്പെടുത്താനെത്തിയത്. മന്ത്രി വി.എസ് സുനിൽകുമാർ അന്തിക്കാട് പോളിങ് ബൂത്തിലും വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവൻ എന്നിവർ കേരളവർമ്മ കോളജിലെ ബൂത്തിലുമാണ് വോട്ട് രേഖപ്പെടുത്തിയത്. സിനിമാ താരം മഞ്ജു വാര്യർ പുള്ളിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി.
ജില്ലയിലെ ഏക കോർപ്പറേഷനായ തൃശൂർ കോർപ്പറേഷനിലേക്കും 7 മുനിസിപ്പാലിറ്റികളിലേക്കും 16 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 86 പഞ്ചായത്തുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ജില്ലായിലാകെ 7101 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. ഇതിൽ തൃശൂർ കോർപ്പറേഷനിലേക്ക് 230ഉം മുനിസിപ്പാലിറ്റികളിലേക്ക് 964, ജില്ലാ പഞ്ചായത്തിലേക്ക് 107, ബ്ലോക്ക് പഞ്ചായത്തിലേക്ക് 769, ഗ്രാമപഞ്ചായത്തിലേക്ക് 5031 സ്ഥാനാർഥികളുമാണ് മത്സരരഗത്തുള്ളത്.
അതേസമയം ജില്ലായിലാകെ 417 പ്രശ്‌നസാധ്യത ബൂത്തുകളും 10 സംഘർഷ സാധ്യതയുള്ള ബൂത്തുകളുമാണ് സജ്ജമായിരുന്നത്. ഇവിടെയൊക്കെ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. ക്രമസമാധാന പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല. 24 കേന്ദ്രങ്ങളിലായാണ് ജില്ലയിൽ വോട്ടിങ് യന്ത്രങ്ങൾ വോട്ടെടുപ്പിന് ശേഷം സൂക്ഷിക്കുന്നതും വോട്ടെണ്ണൽ നടത്തുന്നതിനുമായി സജ്ജീകരിച്ചിരിക്കുന്നതും. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും സമ്മതിദാനാവകാശം പ്രയോജനപ്പെടുത്താൻ അനുമതി നൽകി. വൈകിട്ട് അഞ്ചുമണി മുതൽ ഒരു മണിക്കൂർ ആണ് ഇതിന് അനുവദിച്ചിരുന്നത്. ആറുമണിക്ക് ക്യൂവിലുള്ള സാധാരണ വോട്ടർമാർ വോട്ട് ചെയ്ത് മടങ്ങിയ ശേഷം സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഇവർ പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്ത് മടങ്ങിയത്. വോട്ടെടുപ്പിന് തലേദിവസമായ ഇന്നലെ കൊവിഡ് രോഗബാധ സ്ഥിരീകരിച്ച 87 പേരും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് നിരീക്ഷണത്തില്‍ കഴിയുന്ന 94 പേരുമുള്‍പ്പെടെ 181 പേര്‍ക്ക് സുരക്ഷാ വസ്ത്രങ്ങള്‍ ധരിച്ച് അവരവരുടെ ബൂത്തുകളില്‍ വോട്ടു ചെയ്യാന്‍ ജില്ലയിൽ അനുമതി നൽകിയിരുന്നു.
തൃശൂർ പെരിങ്ങണ്ടൂരിൽ കൊവിഡ് രോഗികളുടെ പ്രതിഷേധമുണ്ടായി. തപാൽ വോട്ടിന് മാത്രമാണ് അനുമതിയെന്ന പ്രിസൈഡിങ് ഓഫീസറുടെ നിലപാടാണ് പ്രതിഷേധത്തിന് കാരണമായത്. ഒരാഴ്ച മുൻപ് കൊവിഡ് പോസിറ്റിവായവരാണ് വോട്ട് ചെയ്യാൻ ബൂത്തിൽ എത്തിയത്. പ്രതിഷേധത്തെ തുടർന്ന് ഇവർക്ക് പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്യാൻ അനുമതി നൽകി.