തൃശൂർ : തൃശൂരിൽ മാധ്യമപ്രവർത്തകന് നേരെ ടൂറിസ്റ്റ് ബസ് സംഘത്തിന്‍റെ കയ്യേറ്റവും വധ ഭീഷണിയും. ജന്മഭൂമി ദിനപത്രത്തിന്‍റെ തൃശൂര്‍ യൂണിറ്റിലെ ചീഫ് ഫോട്ടോഗ്രാഫർ ജീമോൻ കെ പോളിന് നേരെയാണ് അതിക്രമമുണ്ടായത്. കയ്യേറ്റ ദൃശ്യങ്ങള്‍ മൊബെെലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്‌തു. സംഭവത്തില്‍ ജീമോന്‍ നല്‍കിയ പരാതിയില്‍ ടൗണ്‍ ഈസ്റ്റ് പൊലീസ് കേസെടുത്തു.
ജോലിയുടെ ഭാഗമായി തൃശൂര്‍ തേക്കിന്‍കാട് മെെതാനിയില്‍ ഫോട്ടോയെടുക്കുന്നതിനിടെ ഇന്ന് ഉച്ചയോടെയാണ് ടൂറിസ്റ്റ് ബസുകാർ സംഘമായെത്തി ജീമോനെ കയ്യേറ്റം ചെയ്‌തത്. കഴുത്തിന് കുത്തിപ്പിടിച്ച് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് മാസ്‌കും ഐ.ഡി കാർഡും ബലമായി വലിച്ചൂരി.
കണ്ണട തട്ടിത്തെറിപ്പിക്കുകയും വണ്ടി കയറ്റി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തതായും ജീമോന്‍ തൃശൂർ ഈസ്റ്റ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. സംഘം ചേർന്ന് ആക്രമിച്ചവരെ നേരിൽ കണ്ടാൽ തിരിച്ചറിയാമെന്നും ജീമോൻ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.
ക്യാമറയിൽ എടുത്ത ദൃശ്യങ്ങൾ മായ്ച്ചുകളയണമെന്ന് ആവശ്യപ്പെടുകയും, വളഞ്ഞുവെച്ച് കൃത്യനിർവഹണം തടസപ്പെടുത്തിയതായും ആക്രമിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് തന്നെ അപമാനിച്ചതായും പരാതിയിലുണ്ട്.
വടക്കഞ്ചേരിയിൽ ഒൻപത് പേരുടെ മരണത്തിനിടയാക്കിയതിന് പിന്നാലെ ടൂറിസ്റ്റ് ബസുകളുടെ നിയമ ലംഘനങ്ങളും മോട്ടോർ വാഹന വകുപ്പിന്‍റെ നടപടികളും വാർത്തയായി നൽകുന്നതിലുള്ള പ്രതിഷേധമാണ് അക്രമണത്തിന് കാരണമായി പറയുന്നത്.