തൃശൂര്‍: ലോക്ക് ഡൗൺ കാലത്ത് ജീവൻ രക്ഷാ മരുന്നുകൾ ലഭിക്കാത്ത രോഗികൾക്ക് സൗജന്യമായി മരുന്ന് എത്തിച്ച് നൽകുന്ന അതിജീവനം പദ്ധതി ആയിര കണക്കിനാളുകൾക്ക് ആശ്വാസമാകുന്നു. തൃശൂർ എം.പി ടി.എൻ പ്രതാപനാണ് പദ്ധതി നടപ്പിലാക്കുന്നത്. ലോക്ക് ഡൗൺ കാലത്ത് അവശ്യ മരുന്നുകൾക്ക് പോലും ആളുകൾ ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്ന തിരിച്ചറിവിലാണ് ടി എൻ പ്രതാപൻ എം.പി പദ്ധതി ആവിഷ്കരിച്ചത്.
ബിപിഎൽ കാർഡിൽ ഉൾപ്പെട്ട തൃശൂർ പാർലമെന്‍റ് മണ്ഡലത്തിലെ രോഗികൾക്ക് വേണ്ടിയാണ് അതിജീവനം പദ്ധതി. ക്യാൻസർ, കിഡ്‌നി- കരൾ-ഹൃദയ സംബന്ധമായ രോഗങ്ങൾ തുടങ്ങി സ്ഥിരമായി മരുന്ന് ഉപയോഗിക്കുന്നവർക്ക് ജീവൻ രക്ഷാ മരുന്നുകൾ വീട്ടിൽ എത്തിച്ചു നൽകും. ഇതിനകം 12 ലക്ഷത്തിലേറെ രൂപയുടെ മരുന്ന് വിതരണം ചെയ്തു കഴിഞ്ഞു.
ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗ്ഗിസ്റ്റ് അസോസിയഷൻ സംസ്ഥാന കമ്മറ്റിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. സന്നദ്ധപ്രവർത്തകരോടൊപ്പം പൊലീസ്, ഫയർഫോഴ്‌സ്, എക്‌സൈസ്, ഫോറസ്റ്റ് വകുപ്പ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെയാണ് മരുന്ന് വിതരണം. മെയ് മൂന്ന് വരെ സേവനം അർഹർക്ക് ലഭ്യമാകും.