തൃശ്ശൂർ: പീച്ചി വന്യജീവി സങ്കേതത്തിന് കീഴിലുള്ള വാണിയമ്പാറ പെരുന്തുമ്പ വനമേഖലയിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. ഫെൻസിങ് ലൈനിനോട് ചേർന്ന് രാവിലെയാണ് ആനയുടെ ജഡം കണ്ടെത്തിയത്. സംഭവത്തിൽ പീച്ചി ഫോറസ്റ്റ് ഡിവിഷൻ ഓഫിസറുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
ദേശീയപാതയിൽ നിന്ന് അര കിലോമീറ്റർ അകലെ പെരുന്തുമ്പയിൽ ജനവാസ മേഖലയോട് ചേർന്നുള്ള വനാതിർത്തിയിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. പുലർച്ചെ റബർ ടാപ്പിങ്ങിനെത്തിയ കർഷകരാണ് സോളാർ വൈദ്യുത വേലിയോടു ചേർന്ന് കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മരണം സംഭവിക്കാവുന്ന തരത്തിലുള്ള വൈദ്യുത പ്രവാഹം ഫെൻസിങ് ലൈനിൽ ഇല്ല. 100 മീറ്റർ താഴ്ചയിലേക്ക് ആന നിരങ്ങി വീണ അടയാളങ്ങളുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ. വാണിയമ്പാറ വനമേഖലയിൽ ആദ്യമായാണ് ആനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തുന്നത്.