തൃശ്ശൂർ: സംസ്ഥാനത്തെ മികച്ച പൊലീസ് സ്റ്റേഷനായി തെരഞ്ഞെടുക്കപ്പെട്ട് തൃശൂർ സിറ്റി പൊലീസ് ജില്ലയിലെ മണ്ണുത്തി സ്റ്റേഷൻ. പത്തനംതിട്ട പൊലീസ് സ്റ്റേഷനൊപ്പം ഒന്നാംസ്ഥാനം പങ്കിട്ടാണ് മണ്ണുത്തി സ്റ്റേഷന്‍റെ അഭിമാന നേട്ടം. കോട്ടയം ജില്ലയിലെ പാമ്പാടി പൊലീസ് സ്റ്റേഷനാണ് രണ്ടാം സ്ഥാനം. തിരുവനന്തപുരം ജില്ലയിലെ തമ്പാനൂർ സ്റ്റേഷൻ മൂന്നാം സ്ഥാനം നേടി.
സംസ്ഥാനത്തെ പൊലീസ് സ്റ്റേഷൻ പ്രവർത്തനങ്ങളിലെ ഗുണനിലവാരം, ശാസ്ത്ര-സാങ്കേതിക സൗകര്യങ്ങളുടെ ഉപയുക്തത, കേസന്വേഷണങ്ങളിലെ സമയബന്ധിത തീർപ്പുകൽപിക്കൽ, പൊലീസ് സ്റ്റേഷൻ കെട്ടിടത്തിനകത്തും പരിസരത്തുമുള്ള വൃത്തിയായ അന്തരീക്ഷം തുടങ്ങിയ വിവിധ ഘടകങ്ങളാണ് പുരസ്കാര നിർണയത്തിന് അടിസ്ഥാനമാക്കിയത്. ഇവർക്ക് മുഖ്യമന്ത്രിയുടെ ട്രോഫി സമ്മാനിക്കും. മണ്ണുത്തി പൊലീസ് സ്റ്റേഷനിലെ മുഴുവൻ ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നതായി സിറ്റി പൊലീസ് കമ്മിഷണർ ആദിത്യ.ആർ ഐ.പി.എസ് അറിയിച്ചു. നേരത്തെ തൃശ്ശൂര്‍ ജില്ലയിലെ തന്നെ ഒല്ലൂർ സ്റ്റേഷനെ മികച്ച പൊലീസ് സ്റ്റേഷനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്തിരുന്നു.