തൃശ്ശൂര്‍: കേരളത്തിൽ സുലഭമായി ലഭിക്കുന്ന കശുമാങ്ങ ടൺ കണക്കിനാണ് ഓരോ വർഷവും പാഴായി പോകുന്നത്. ഇങ്ങനെ പാഴാക്കി കളയാതെ കശുമാങ്ങയിൽ നിന്നും രുചിയേറിയ മൂല്യവർധിത വിഭവങ്ങൾ വികസിപ്പിച്ചെടുത്തിരിക്കുകയാണ് തൃശ്ശൂർ മണ്ണുത്തിക്കടുത്ത് മാടക്കത്തറയിലുള്ള കശുമാവ് ഗവേഷണ കേന്ദ്രം. 16 വ്യത്യസ്ത വിഭവങ്ങളാണ് ഇവിടെ നിര്‍മിക്കുന്നത്. സിറപ്പ്, ജാം, ചോക്ലേറ്റ്, മിഠായി, ടൂട്ടി ഫ്രൂട്ടി, സ്‌ക്വാഷ്, വൈൻ, അച്ചാർ, ചട്‌നി, ഹൽവ, വിനാഗിരി, ബിസ്‌ക്കറ്റ്, സോഡാ എന്നിവയാണ് പ്രധാന ഉല്‍പന്നങ്ങള്‍.
10 വർഷം പ്രായമായ കശുമാവിൽ നിന്നും 10 കിലോ കശുവണ്ടി ലഭിക്കുമ്പോൾ 50 കിലോ കശുമാങ്ങ ആരും ഉപയോഗിക്കാതെ പാഴായി പോകുന്നു. 100 ഗ്രാം കശുമാങ്ങയിൽ 180 മുതൽ 370 മില്ലി ഗ്രാം വരെ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. കൂടാതെ ധാതുക്കൾ, ലവണങ്ങൾ എന്നിവയാൽ സമ്പുഷ്ടമായതിനാൽ പല ജീവിത ശൈലീ രോഗങ്ങളേയും പ്രതിരോധിക്കാനും കഴിയും. കശുമാങ്ങയുടെ കറ കളയാനും അതിൽ നിന്നും വ്യത്യസ്ത രുചികളുള്ള ഒട്ടേറെ വിഭവങ്ങൾ തയ്യാറാക്കാനുമുള്ള സാങ്കേതിക വിദ്യ കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്തിട്ടുണ്ട്.
പഴച്ചാറിൽ കഞ്ഞി വെള്ളം ഒഴിച്ചോ ചവ്വരി കുറുക്കി ചേർത്തോ കശുമാങ്ങയുടെ ചവർപ്പ് മാറ്റിയതിന് ശേഷമാണ് ഇരട്ടി മധുരം ചേർത്ത് പൾപ്പ് ഉണ്ടാക്കുന്നത്. പച്ച കശുമാങ്ങയാണ് അച്ചാറുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. തികച്ചും പ്രകൃതി ദത്തമായ ഈ ഉല്‍പന്നങ്ങള്‍ക്ക് ആവശ്യക്കാരേറെയാണ്.