തൃശൂര്‍: കഴിഞ്ഞ പ്രളയ കാലത്ത് നിറഞ്ഞൊഴുകിയ തോട്ടിൽ നിന്ന് വെള്ളം കയറിയപ്പോൾ തൃശ്ശൂർ പെരിങ്ങാവ് ഗ്രീൻ പാർക്ക് അവന്യൂവിലെ താമസക്കാർ അനുഭവിച്ച ബുദ്ധിമുട്ട് ചെറുതല്ല. വീടിന് പുറത്തിറങ്ങാൻ കഴിയാതെ മരണം മുന്നില്‍ കണ്ടാണ് പലരും വെള്ളപ്പൊക്കത്തില്‍ കഴിഞ്ഞത്. ഇനിയൊരു പെരുമഴക്കാലത്തെ നേരിടേണ്ടി വന്നാല്‍ രക്ഷപ്രവർത്തനത്തിനായി ബോട്ട് നിർമിച്ചിരിക്കുകയാണ് ഗ്രീൻ പാർക്ക് അവന്യൂവിലെ താമസക്കാർ.
കോളനിയിലെ താമസക്കാരനും മറൈൻ എഞ്ചിനീയറിങ് രംഗത്ത് ദീർഘകാലം പ്രവൃത്തി പരിചയവുമുള്ള സുധീർ മുത്തംപറമ്പിലിന്‍റെ നേതൃത്വത്തിലാണ് ബോട്ട് നിര്‍മിച്ചത്. മോട്ടോറിൽ പ്രവർത്തിക്കുന്ന ബോട്ട് ആവശ്യമെങ്കിൽ തുഴഞ്ഞുകൊണ്ടുപോകാനും സംവിധാനമുണ്ട്. ആറ് പേർക്ക് സഞ്ചരിക്കാവുന്ന ബോട്ടിൽ രണ്ടു ബൈക്കുകൾ വരെ കയറ്റി കൊണ്ടു പോകാം.
പഴയ ഫൈബർ വീപ്പകൾ, പഴയ ടയറുകൾ, സ്ക്വയർ ഇരുമ്പു പൈപ്പുകൾ എന്നിവ കൊണ്ടാണ് 600 കിലോ ഭാരമുള്ള ബോട്ട് നിർമിച്ചത്. 30,000 രൂപ ചിലവഴിച്ച് രണ്ടാഴ്ച കൊണ്ടാണ് ബോട്ടിന്‍റെ പണിതീർത്തത്. കഴിഞ്ഞദിവസം വെള്ളപ്പൊക്കമുണ്ടായപ്പോൾ ഒരു രോഗിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ ബോട്ട് ഉപയോഗിച്ചിരുന്നു. അപ്പോൾ ശ്രദ്ധയിൽപ്പെട്ട ചെറിയ പോരായ്മകൾ പരിഹരിച്ച് അവസാനഘട്ട നിർമാണം പുരോഗമിക്കുകയാണ്.