തൃശൂര്‍: കടപ്പുറം ഗ്രാമ പഞ്ചായത്തിലെ അഞ്ചങ്ങാടി വളവ് ലേഡീസ് റോഡ് പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമായതോടെ വെള്ളം കടലിലേക്ക് ഒഴുക്കിവിടാൻ നിർമ്മിച്ച അറപ്പ കാന ജെ.സി.ബി. ഉപയോഗിച്ച് തുറന്നു. കടൽക്ഷോഭത്തിൽ മണൽ അടിച്ച് കയറി കാന മൂടിപ്പോയിരുന്നു. മണിക്കൂറുകളോളം ജെ.സി.ബിയും ഫയർഫോഴ്സും സന്നദ്ധ പ്രവർത്തകരും പ്രയത്നിച്ചതിന്‍റ ഫലമായാണ് കാന തുറക്കാൻ സാധിച്ചത്. ഇതോടെ ലേഡീസ് റോഡ് ഭാഗത്തെ വെള്ളം കടലിലേക്ക് സുഗമമായി ഒഴുകിപ്പോയി തുടങ്ങി.
പ്രദേശത്തെ വെള്ളക്കെട്ട് മൂലം വാഹന ഗതാഗതവും ജനങ്ങളുടെ സഞ്ചാരവും തടസപ്പെട്ടിരുന്നു. വെള്ളക്കെട്ട് പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കാനായി ലേഡീസ് റോഡ് ഉയർത്തി നിർമിക്കാൻ ജില്ലാ പഞ്ചായത്ത് മെമ്പറുടെ സഹായത്തോടെ പത്ത് ലക്ഷത്തി അമ്പതിനായിരം രൂപ വകയിരുത്തി എല്ലാം അനുമതികളും ലഭിച്ച് ടെണ്ടർ കൊടുത്ത് കഴിഞ്ഞു. പത്ത് ലക്ഷം രൂപ ചിലവിൽ അറപ്പ കാന പുനർനിർമാണം പൂര്‍ത്തിയാകുന്നതോടെ ഈ പ്രദേശത്തെ ബാധിക്കുന്ന രൂക്ഷമായ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകുമെന്ന് വാർഡ് മെമ്പർ പി.കെ. ബഷീർ അറിയിച്ചു.