തൃശൂര്‍: വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കരയെ സാത്താന്‍റെ സന്തതിയെന്ന് അഭിസംബോധന ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണിനെതിരെ എംഎല്‍എയുടെ അമ്മ ലില്ലി ആന്‍റണി രംഗത്ത്. കമ്മ്യൂണിസ്റ്റുകാരനായിരുന്ന അനിലിന്‍റെ പിതാവിനെയാണ് ബേബി ജോൺ സാത്താന്‍റെ സന്തതി എന്ന പദപ്രയോഗത്തിലൂടെ അധിക്ഷേപിച്ചതെന്ന് അമ്മ ലില്ലി പ്രതികരിച്ചു. ആ വാക്കുകൾ ഏറെ വേദനിപ്പിച്ചതായും ലില്ലി ആന്‍റണി പറഞ്ഞു.
'തന്‍റെ മക്കൾ ഒരിക്കലും സാത്താന്‍റെ വഴിയിൽ പോകില്ല. കമ്മ്യൂണിസ്റ്റുകാരനായിരുന്നു അനിലിന്‍റെ പിതാവ് ആന്‍റണി. ഒരു സഖാവിനെ ഇത്തരത്തിൽ അധിക്ഷേപിക്കാൻ സിപിഎം നേതാവിന് എങ്ങനെ മനസ് വന്നു' ലില്ലി ആന്‍റണി ചോദിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സീതാറാം യെച്ചൂരിക്ക് ലില്ലി തുറന്ന കത്തയച്ചിട്ടുണ്ട്. ഭർത്താവിന്‍റെയും മകന്‍റെയും രാഷ്ട്രീയം രണ്ടാണെങ്കിലും പിതാവിനെ കണ്ടാണ് മകൻ ജന സേവനത്തിന് ഇറങ്ങിയതെന്നും രാഷ്ട്രീയ വിരോധത്തിന്‍റെ പേരിൽ പഴയൊരു സഖാവിന്‍റെ മകനെതിരെ എന്തും വിളിച്ച് പറയുന്ന അവസ്ഥയിലേക്ക് സിപിഎം നേതാക്കൾ എത്തിയതില്‍ ദു:ഖമുണ്ടെന്നും ലില്ലി ആന്‍റണി കൂട്ടിച്ചേര്‍ത്തു.