തൃശ്ശൂർ: ഗുരുവായൂർ നഗരസഭാ ടൗൺ ഹാളിൽ വനിതാ ജീവനക്കാർ വസ്ത്രം മാറുന്ന മുറിയിൽ ഒളികാമറ കണ്ടെത്തിയ സംഭവത്തിൽ വിശദീകരണവുമായി നഗരസഭാ അധികൃതർ. കണ്ടെത്തിയത് വെറും ഡമ്മി കാമറയാണെന്നും വിഷയവുമായി ബന്ധപ്പെട്ട് പുറത്താക്കിയ ജീവനക്കാരനെ തിരിച്ചെടുക്കുമെന്നും നഗരസഭാ ചെയർപേഴ്സൺ വ്യക്തമാക്കി. എന്നാൽ സംഭവത്തിൽ പ്രതിഷേധിച്ച് സമരം നടത്തിയ പ്രതിപക്ഷ കൗൺസിലർമാരുൾപ്പടെ 18 ഓളം പേർക്കെതിരെ നഗരസഭാ അധികൃതർ പൊലീസിൽ പരാതി നൽകി. ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനെ തുടർന്നാണ് പരാതി നൽകിയതെന്ന് നഗരസഭാ ചെയർപേഴ്സൺ വിഎസ് രേവതി അറിയിച്ചു.
ഗുരുവായൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ടൗൺ ഹാളിൽ കണ്ടെത്തിയത് വെറും ഡമ്മി കാമറയാണെന്ന് തെളിഞ്ഞത്. നഗരസഭാ ഭരണ സമിതിയുടെ തീരുമാനം ഇല്ലാതെ കാമറ സ്ഥാപിച്ചതിനായിരുന്നു ജീവനക്കാരനെ ജോലിയിൽ നിന്നും മാറ്റി നിറുത്തിയിരുന്നത്. എന്നാൽ ഇത് ഡമ്മി കാമറ ആയിരുന്നെന്ന് തെളിഞ്ഞതിനാൽ ഇയാളെ തിരിച്ചെടുക്കുന്നതായും ഇന്നലെ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ചെയർപേഴ്സൺ വ്യക്തമാക്കി.