തിരുവനന്തപുരം : കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിത - ലിഗയുടെ മൃതദേഹം കുറ്റിക്കാട്ടിലെ വള്ളികളിൽ കുരുങ്ങി കിടക്കുന്നത് കണ്ടപ്പോൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്ന് സാക്ഷിമൊഴി. മൃതദേഹം ശിരസ്സറ്റ നിലയിലായിരുന്നുവെന്നും കേസിലെ പ്രോസിക്യൂഷൻ എട്ടാം സാക്ഷിയും ചിത്രകാരനുമായ കർട്ടൻ ബിനു എന്ന ബിനു മൊഴി നൽകി.
എന്നാൽ കേസിലെ ഏഴാം സാക്ഷി ഉമ്മർ ഖാൻ കൂറുമാറി. രണ്ടാം പ്രതി ഉമേഷ് ലിഗയുടെ ജാക്കറ്റ് കോവളത്ത് തുണിക്കട നടത്തുന്ന ഉമ്മർ ഖാൻ്റെ കടയിൽ കൊണ്ടുവന്നിരുന്നുവെന്ന് പൊലീസിന് നൽകിയ മൊഴിയാണ് കോടതിയിൽ മാറ്റിപ്പറഞ്ഞത്. കൂടാതെ ലൈസൻസ് ഇല്ലാതെയാണ് കട നടത്തുന്നതെന്ന് ഉമ്മർ ഖാൻ ജഡ്‌ജിയുടെ ചോദ്യത്തിന് മറുപടി നൽകി.
ഇതിൽ ക്ഷുഭിതനായ ജഡ്‌ജി കോവളം പോലെ നിരവധി വിനോദസഞ്ചാരികൾ എത്തുന്ന പ്രദേശത്ത്, കോർപറേഷൻ ലൈസൻസ് ഇല്ലാതെ എങ്ങനെ കടകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ആരാഞ്ഞു. ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുകയാണെങ്കിൽ ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കോടതി കോർപറേഷൻ അധികൃതര്‍ക്ക് നിർദേശം നൽകി.
ബിനുവിന്‍റെ മൊഴി : താൻ ചിത്രകാരനാണ്, ശനി, ഞായര്‍ ദിവസങ്ങളിൽ താനും സുഹൃത്തുമായി ചേർന്ന് ചീട്ടുകളി പാർട്ടി നടത്താറുണ്ട്. ഇതിൽ പത്ത് പതിനഞ്ചുപേർ സ്ഥിരമായി പങ്കെടുക്കാറുണ്ട്. ഇതിന് അവരുടെ പക്കൽ നിന്നും പണവും വാങ്ങാറുണ്ട്. എന്നാൽ ചീട്ടുകളി ആദ്യം നടന്നിരുന്ന പറമ്പിന്‍റെ ഉടമ അവിടെ ഇനിമുതൽ അത് പാടില്ലെന്ന് പറഞ്ഞു.
അതുകാരണം പഴയ സ്ഥലത്തിന്‍റെ മറുവശത്തുള്ള സ്ഥലത്തേക്ക് മാറാൻ തീരുമാനിച്ചു. എന്നാൽ വാഴമുട്ടം വഴി പോയാലേ അവിടെ എത്തിച്ചേരാന്‍ സാധിക്കുമായിരുന്നുള്ളൂ. സ്ഥലം നോക്കാന്‍ സുഹൃത്തിനെയും കൂട്ടി ഞാൻ ആ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയിരുന്നു. അവിടെ നടന്നുമാത്രമേ എത്തിച്ചേരാനാവൂ.
ഇവിടം ചതുപ്പ് ആണ്. കൂനൻതുരത്ത് എന്നാണ് അറിയപ്പെടുന്നത്. കുറ്റിക്കാട്ടിലേക്ക് നോക്കിയപ്പോൾ പശുവിന്‍റെ അവശിഷ്ടം പോലെ എന്തോ ഒരു വസ്‌തു കണ്ടു. സൂക്ഷിച്ച് നോക്കിയപ്പോൾ വള്ളികളിൽ ഒരു ശരീരം തൂങ്ങി കിടക്കുന്നതായി മനസിലായി. എന്നാൽ ശരീരത്തിന് ശിരസ് ഇല്ലായിരുന്നു. ശരീരത്തിൽ വസ്ത്രം ഉണ്ടായിരുന്നു. എന്നാൽ അഴുകിയ അവസ്ഥയിലായിരുന്നു.
പൊലീസിന്‍റെ കഥയെന്ന് പ്രതിഭാഗം : അതേസമയം പണം വച്ച് ചീട്ട് കളിച്ചതിൽ അറസ്റ്റ് ചെയ്യുമെന്ന് ഭയന്ന് പൊലീസ് പറഞ്ഞുകൊടുത്ത കഥ ബിനു കോടതിയിൽ പറയുകയാണെന്ന് പ്രതിഭാഗം അഭിഭാഷകരായ അഡ്വ. ദിലീപ് സത്യൻ, മൃദുൽ ജോൺ മാത്യു എന്നിവർ വാദിച്ചു.
2018 മാർച്ച് 14 ന് കോവളത്ത് നിന്നും വിദേശ വനിതയെ സമീപത്തുള്ള കുറ്റിക്കാട്ടില്‍ കൂട്ടിക്കൊണ്ടുപോയി ലഹരി വസ്‌തു നൽകി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. ഉദയൻ, ഉമേഷ് എന്നിവരാണ് കേസിൽ പിടിയിലായ രണ്ടുപേര്‍.