തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനം നേരിടുന്ന ദുരിതം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ പിന്തുണയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ച് സര്‍ക്കാരിന്‍റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും അറിയിച്ചു. എല്ലാ യുഡിഎഫ് പ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കെടുക്കണമെന്ന് സതീശന്‍ അഭ്യര്‍ഥിച്ചു.
അട്ടപ്പാടി മധു കേസ് സര്‍ക്കാര്‍ തന്നെ അട്ടിമറിക്കുന്നു. വാളയാര്‍ കേസിനുണ്ടായ ദുരന്തം ഈ കേസിനുമുണ്ടാകുമോ എന്ന് ഭയപ്പെടുകയാണ്. സര്‍ക്കാര്‍ കേസില്‍ അടിയന്തരമായി ഇടപെടണമെന്നും ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന് എന്തു ചെയ്യാന്‍ സാധിക്കുമെന്ന് പരിശോധിക്കുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ല കലക്‌ടര്‍ സ്ഥാനത്ത് നിന്നു മാറ്റിയ നടപടിയെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ശ്രീറാം വെങ്കിട്ടരാമനെ ആ സ്ഥാനത്ത് നിയമിക്കും മുന്‍പ് മൂന്ന് വട്ടം ആലോചിക്കണമായിരുന്നു. ഇതു സംബന്ധിച്ച് ഉയര്‍ന്നുവന്ന എല്ലാ എതിര്‍പ്പുകളെയും സര്‍ക്കാര്‍ അവഗണിച്ചു.
കേരളത്തിലെ ജില്ല സഹകരണ ബാങ്കുകളെ തകര്‍ത്ത് കേരള ബാങ്കാക്കി മാറ്റിയതിന്‍റെ ദുരന്തമാണ് ഇപ്പോള്‍ സഹകരണ മേഖലയില്‍ കേരളം അനുഭവിക്കുന്നത്. ഗ്രാമീണ സഹകരണ മേഖലയിലെ നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ സുരക്ഷ ഉറപ്പാക്കണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒരു സര്‍വകക്ഷി യോഗം വിളിക്കണമെന്നും പ്രതിപക്ഷത്തിന്‍റെ കൈയില്‍ കൃത്യമായ നിര്‍ദേശങ്ങളുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.