തിരുവനന്തപുരം : സ്വന്തം മണ്ഡലത്തിലെ സ്ത്രീ നല്‍കിയ പരാതി അന്വേഷിച്ച് അവര്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വിളിച്ച ഭക്ഷ്യമന്ത്രി ജിആര്‍ അനിലിനോട് കയര്‍ത്ത് വട്ടപ്പാറ എസ്എച്ച്ഒ ഗിരിലാൽ. ഇരുവരും തമ്മിലുള്ള വാക്‌പോരിന്‍റെ ഓഡിയോ പുറത്തുവന്നു.
തന്‍റെ നിയോജകമണ്ഡലമായ നെടുമങ്ങാട്ടെ കരകുളത്ത് താമസിക്കുന്ന ഒരു സ്ത്രീയുടെ 11 വയസുള്ള കുട്ടിയെ അവരുടെ രണ്ടാം ഭര്‍ത്താവ് മര്‍ദിച്ചത് സംബന്ധിച്ച് വട്ടപ്പാറ പൊലീസില്‍ നല്‍കിയ പരാതിയെ കുറിച്ച് സംസാരിക്കാനാണ് മന്ത്രി എസ്.എച്ച്.ഒ ഗിരിലാലിനെ വിളിക്കുന്നത്. പ്രശ്‌നം പറഞ്ഞുതുടങ്ങിയ ഉടന്‍ ന്യായം നോക്കി ചെയ്യാം എന്ന് എസ്.എച്ച്.ഒ മറുപടി നല്‍കി.
പിന്നാലെ ഇരുവരും തമ്മിലുള്ള സംഭാഷണം തർക്കത്തിലേക്ക് വഴിമാറുകയും ഇരുവരും പ്രകോപിതരാവുകയുമായിരുന്നു. തനിക്ക് ന്യായം നോക്കി മാത്രമേ ചെയ്യാനാകൂ എന്നും മന്ത്രി പറയുന്നതുപോലെ പറ്റില്ലെന്നും എസ്.എച്ച്.ഒ കയര്‍ക്കുന്നത് ഓഡിയോയിലുണ്ട്.
താന്‍ പിരിവ് നടത്തുന്ന ആളല്ല എന്ന തരത്തിലും എസ്.എച്ച്.ഒ മറുപടി നല്‍കുന്നു. തന്‍റെ നിയോജക മണ്ഡലത്തിലുള്ള പൊലീസ് സ്റ്റേഷനായിട്ടും ഇതുവരെ ഒരു കാര്യത്തിനും താന്‍ ഇവിടേക്ക് വിളിച്ചിട്ടില്ല. ഇതൊരു സ്‌ത്രീയുടെ പരാതിയായത് കൊണ്ടാണ് വിളിച്ചത്. മര്യാദയോടെ സംസാരിക്കണം - ജി ആര്‍ അനില്‍ പറയുന്നു.
ഓഡിയോ പുറത്തുവന്നതിന് പിന്നാലെ സംഭവത്തെ കുറിച്ചന്വേഷിക്കാന്‍ തിരുവനന്തപുരം റൂറല്‍ എസ്.പിക്ക് ഡി.ജി.പി നിര്‍ദ്ദേശം നല്‍കി. എസ്.എച്ച്.ഒയ്‌ക്കെതിരെ സസ്‌പെന്‍ഷന്‍ ഉള്‍പ്പടെയുള്ള വകുപ്പുതല നടപടിക്ക് സാധ്യതയുണ്ടെന്നാണ് സൂചന.