തിരുവനന്തപുരം: കാട്ടാക്കടയിൽ കടലാമയെ പിടികൂടി പാചകം ചെയ്യുന്നതിനിടെ രണ്ടുപേർ പിടിയില്‍. നെയ്യാറ്റിൻകര പേരുംമ്പഴുതൂർ ആലംപൊറ്റ അശ്വതി ഭവനിൽ മുരളീധരൻ (52), നെയ്യാറ്റിൻകര പേരുംമ്പഴുതൂർ പാറവിളാകത്ത് കുളത്തിൽകര പുത്തൻ വീട്ടിൽ സുകുമാരൻ (58) എന്നിവരാണ് അറസ്റ്റിലായത്. മുരളീധരന്‍റെ വീട്ടിൽ വെച്ച് കടലാമയെ കൊന്ന് ഇറച്ചിയാക്കുന്നതിനിടെയാണ് പിടിയിലാകുന്നത്.
പരുത്തിപ്പള്ളി റെയിഞ്ച് ഫോറസ്റ്റ് ഓഫിസർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫോറസ്റ്റ് ഓഫീസറായ ആർ വിനോദ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം ഗംഗാധരൻ കാണി, ബീറ്റ് ഓഫിസർ എ മുഹമ്മദ് നസീർ എന്നിരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കടലാമയ്ക്ക് പതിനേഴു കിലോയോളം തൂക്കമുണ്ടെന്ന് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. ഇവരിൽ നിന്നും കടലാമയുടെ ഇറച്ചിയും പിടിച്ചെടുത്തു. പ്രതികളെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും
1972-ലെ വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം ഷെഡ്യൂളിൽ ഉൾപ്പെടുന്ന ഉരഗ വർഗ്ഗത്തിൽപ്പെട്ട ജീവിയാണ് കടലാമ. കടലാമയെ അനധികൃതമായി വേട്ടയാടുന്നതോ, കൊല്ലുന്നതോ, മുട്ടകൾ ശേഖരിക്കുന്നതോ, വില്‍പ്പന നടത്തുന്നതോ, വന്യജീവി നിയമപ്രകാരം ജാമ്യമില്ലാത്ത കുറ്റമാണ്.