തിരുവനന്തപുരം: വഴിയരികിൽ നിര്‍ത്തിയിട്ടിരുന്ന മൂന്ന് ബൈക്കുകൾ സാമൂഹ്യ വിരുദ്ധർ പെട്രോൾ ഒഴിച്ച് കത്തിച്ചു. കാട്ടാക്കട വിളപ്പിൽശാലയിലാണ് സംഭവം. വിളപ്പിൽശാല നൂലിയോട് ചേമ്പുപറമ്പ് ക്ഷേത്രത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളാണ് പുലർച്ചെ കത്തിനശിച്ച നിലയിൽ കണ്ടെത്തിയത്. നൂലിയോട് ചേമ്പുപറമ്പ് അജിത ഭവനിൽ ബാലചന്ദ്രന്‍റെ പുതിയ യമഹ എഫ്‌സി ബൈക്ക്, നൂലിയോട് ചേമ്പുപറമ്പ് വീട്ടിൽ സനൽകുമാറിന്‍റെ ആക്ടീവ സ്‌കൂട്ടർ, നൂലിയോട് ചരുവിള പുത്തൻവീട്ടിൽ ബിജുവിന്‍റെ സ്പ്ലെന്‍റര്‍ ബൈക്ക് എന്നിവയാണ് അഗ്നിക്കിരയായത്.
വാഹന ഉടമകളായ മൂവരുടെയും വീടുകൾ ചേമ്പുപറമ്പ് വലിയ പാറയ്ക്ക് താഴ്‌വാരത്താണ്. ഇവിടേക്ക് വാഹനങ്ങൾ കടന്നുപോകില്ല. അതിനാല്‍ കഴിഞ്ഞ 12 വർഷത്തോളമായി മൂവരും ക്ഷേത്രത്തിന് സമീപമുള്ള റോഡരികിലാണ് വാഹനങ്ങൾ നിര്‍ത്തിയിടുന്നത്. കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെ പൊട്ടിത്തെറി ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴാണ് മൂന്ന് വണ്ടികളും കത്തിയമരുന്നത് കണ്ടത്. ബാലചന്ദ്രൻ യുവമോർച്ച വിളപ്പിൽ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹിയാണ്. രാഷ്ട്രീയ വിരോധം തീർക്കുവാൻ ചിലർ വാഹനങ്ങൾ കത്തിച്ചുവെന്നാണ് ഉടമകള്‍ ആരോപിക്കുന്നത്. വിളപ്പിൽശാല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.