തിരുവനന്തപുരം : തിരുവനന്തപുരം നഗരസഭയിലെ നികുതിതട്ടിപ്പ് കേസിൽ ശ്രീകാര്യം സോണൽ ഓഫിസ് കാഷ്യർ അനിൽകുമാറിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം മൂന്നാം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നടപടി. നേരത്തെ പ്രിൻസിപ്പൽ സെഷൻസ് കോടതി നേമം സോണൽ ഓഫിസ് സൂപ്രണ്ട് എസ്.ശാന്തിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.
കേസ് നടപടികൾ പ്രാരംഭ ഘട്ടത്തിലാണ്. തട്ടിപ്പ് കണ്ടെത്തിയ നാല് മേഖല ഓഫിസുകൾക്ക് പുറമെ മറ്റ് സ്ഥലങ്ങളിൽ കൂടി ഇത്തരം തട്ടിപ്പുകൾ നടന്നിരുന്നു. ഇക്കാര്യത്തിൽ പൊലീസ് അന്വേഷണം നടത്തുകയാണെന്നുള്ള സർക്കാർ അഭിഭാഷകൻ്റെ വാദം കണക്കിലെടുത്താണ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.
പ്രതി വ്യാജമായി ചമച്ച രേഖകൾ അടക്കമുള്ള തട്ടിപ്പ് രീതികൾ സംബന്ധിച്ച് കസ്റ്റഡിയിൽ ലഭിച്ചാൽ മാത്രമേ കൂടുതല്‍ അറിയാന്‍ കഴിയുകയുള്ളൂവെന്ന അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ട് പരിഗണിച്ചാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ശ്രീകാര്യം സോണില്‍ 5,12,785 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നെന്നാണ് കണ്ടെത്തിയത്.
ആദ്യം തട്ടിപ്പ് കണ്ടെത്തിയത് ശ്രീകാര്യം സോണില്‍ ആയിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയതും ഈ സോണിലെ ഓഫിസ് അറ്റൻഡർ ബിജുവിന്‍റെയാണ്. കേസിൽ ബിജു ഒന്നാം പ്രതിയും അനിൽകുമാർ രണ്ടാം പ്രതിയുമാണ്.
ALSO READ : തിരുവനന്തപുരം നഗരസഭയിലെ വീട്ടുകരം തട്ടിപ്പ്; ഉദ്യോഗസ്ഥയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
ബാങ്കിൽ അടയ്ക്കാതെ അങ്ങനെ വരുത്താന്‍ വ്യാജ ചലാന്‍ ഉണ്ടാക്കി പണം തട്ടിയെന്നാണ് കേസ്. വ്യാജ രേഖ ചമയ്ക്കൽ, ഗൂഢാലോചന അടക്കമുള്ള ജാമ്യമില്ലാവകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.