തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപദ്ധതികൾ തുടർന്നാൽ ധനകമ്മി വർധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് പശ്ചാത്തലത്തിലെ സാമ്പത്തിക സ്ഥിതി പരിശോധിക്കാൻ ചുമതലപ്പെടുത്തിയ ഗുലാത്തി ഇൻസ്‌റ്റിറ്റ്യൂട്ടിന്‍റെ റിപ്പോർട്ടിലാണ് ധനകമ്മിയെ കുറിച്ചും വരുമാന നഷ്ടത്തെ കുറിച്ചും പറയുന്നത്.
ആഭ്യന്തര വരുമാനത്തിൽ 125657 കോടി രൂപയുടെ നഷ്ടം വരുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 114636 കോടി രൂപയുടെ റവന്യു വരുമാനവും 81180 കോടിയായി കുറയും. 35455 കോടിയുടെ നഷ്ടം വരും. ഇപ്പോഴത്തെ ക്ഷേമപദ്ധതികൾ അടക്കമുള്ള ചിലവുകൾ അതേപടി തുടർന്നാൽ റവന്യു കമ്മിയും ധനകമ്മിയും കൂടും. അതുകൊണ്ട് തന്നെ ചെലവ് കുറയ്‌ക്കുന്നത് സംബന്ധിച്ച് പഠിക്കാൻ സമിതിയെ നിയോഗിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. വരുമാന നഷ്ടം പരിഹരിക്കാനാണ് വായ്പാ പരിധി 3 ശതമാനത്തിൽ നിന്ന് 5 ശതമാനമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. വായ്പ പരിധി 5.5 ശതമാനമാക്കിയ കേന്ദ്രം എന്നാൽ സംസ്ഥാനത്തിന് ഇതിന് അനുമതി നൽകിയില്ല. ഇത് ഫെഡറൽ സംവിധാനത്തിന് യോജിച്ചതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.