തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാന ബജറ്റിന്‍റെ മുൻഗണനാക്രമത്തിൽ മാറ്റം വരുമെന്ന് ധനമന്ത്രി തോമസ് ഐസക്. ബജറ്റിലെ പല പദ്ധതികളും പുനപരിശോധിക്കേണ്ടി വരുമെന്നും കേന്ദ്ര സർക്കാരിന്‍റെ ഉത്തേജക പാക്കേജിൽ വരും ദിവസങ്ങളിലെ പ്രഖ്യാപനങ്ങളിൽ കൂടി വ്യക്തത വന്ന ശേഷമേ തീരുമാനമെടുക്കാനാകൂവെന്നും തോമസ് ഐസക് പറഞ്ഞു. പുതിയ ബജറ്റ് വേണോയെന്ന കാര്യത്തിലും പിന്നീട് തീരുമാനമെടുക്കുമെന്നും കേന്ദ്ര സർക്കാരിന്‍റെ മൂന്നാംഘട്ട പാക്കേജിനെ സ്വാഗതം ചെയ്യുന്നുവെങ്കിലും പല പദ്ധതികളും സംസ്ഥാന വിഹിതം കൂടി വേണ്ടിവരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഇടിവാണ് നിലവിലുണ്ടായതെന്നും സംസ്ഥാനത്തിന്‍റെ വരുമാനത്തിൽ ഭീകരമായ കുറവ് വരുമെന്നും ചെലവ് ചുരുക്കലിന് നിർബന്ധിതമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മദ്യത്തിൽ നിന്നും ലോട്ടറിയിൽ നിന്നുമുള്ള വരുമാനങ്ങളിൽ മാത്രമാണ് സർക്കാർ പിടിച്ച് നിൽക്കുന്നതെന്ന പ്രതിപക്ഷ ആരോപണങ്ങൾ വാചകമടിയാന്നെന്നും ധനമന്ത്രി വ്യക്തമാക്കി.