തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ നിര്‍ണായക കണ്ടെത്തലുമായി ക്രൈംബ്രാഞ്ച്. പരാതിക്കാരിയായ പെണ്‍കുട്ടിയും സ്വാമി ഗംഗേശാനന്ദയുടെ ശിഷ്യനായ അയ്യപ്പദാസും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് സംഭവമെന്ന് ക്രൈംബ്രാഞ്ചിന്‍റെ അന്തിമ റിപ്പോര്‍ട്ട്. ഇരുവരെയും പ്രതി ചേര്‍ക്കാന്‍ ക്രൈംബ്രാഞ്ച് നടപടി തുടങ്ങി.
പെണ്‍കുട്ടിയും അയ്യപ്പദാസും പ്രണയത്തിലായിരുന്നു. ഒരുമിച്ച് ജീവിക്കുന്നതിന് സ്വാമി തടസമാകുമെന്നതിനെ തുടര്‍ന്നാണ് ആക്രമണം നടത്തിയത്. പെണ്‍കുട്ടിയും അയ്യപ്പദാസും കൃത്യമായ ഗൂഢാലോചന നടത്തിയാണ് ആക്രമണം നടത്തിയത്. ഇതിനായി കൊല്ലം ബീച്ചിലും ആലപ്പുഴയിലും ഇരുവരും കണ്ടുമുട്ടി പദ്ധതി ചര്‍ച്ച ചെയ്‌തു.
അയ്യപ്പദാസാണ് കത്തി വാങ്ങി പെണ്‍കുട്ടിക്ക് നല്‍കിയത്. ജനനേന്ദ്രിയം മുറിക്കുന്നത് സംബന്ധിച്ച് ഇന്‍റര്‍നെറ്റിലടക്കം തെരഞ്ഞു. രണ്ടുമാസം മുന്‍പ് തന്നെ പെണ്‍കുട്ടി ഇന്‍റര്‍നെറ്റില്‍ ഇത്തരം വീഡിയോകള്‍ കണ്ടിരുന്നതായി മൊബൈല്‍ ഫോണിന്‍റെ ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
കേസിലെ വഴിത്തിരിവുകള്‍
2017 മെയ് 19നാണ് കേസിനാസ്‌പദമായ സംഭവം. കണ്ണമ്മൂലയിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഗംഗേശാനന്ദയെ ആക്രമിച്ചുവെന്നാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. ഗംഗേശാനന്ദക്കെതിരെ ബലാത്സംഗത്തിന് പൊലീസ് കേസെടുത്തു. മജിസ്‌ട്രേറ്റിന് മുന്നിലും പെണ്‍കുട്ടി സ്വാമിക്കെതിരെ മൊഴി നല്‍കി.
എന്നാല്‍ സ്വയം ലിംഗം മുറിച്ചുവെന്ന് ആദ്യം മൊഴി നല്‍കിയ ഗംഗേശാനന്ദ പിന്നീട് ഉറക്കത്തില്‍ ആരോ ആക്രമിച്ചതാണെന്ന് മാറ്റിപ്പറഞ്ഞു. കേസന്വേഷണത്തിനിടെ വീണ്ടും വഴിത്തിരിവുണ്ടായി. ഗംഗേശാനന്ദ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലായെന്ന് കാണിച്ച് പെണ്‍കുട്ടി തന്നെ പൊലീസിനെ സമീപിച്ചു. സ്വാമിയുടെ സഹായി അയ്യപ്പദാസാണ് ആക്രമിച്ചതെന്നും പെണ്‍കുട്ടി പരാതി നല്‍കി.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗംഗേശാനന്ദ കോടതിയെ സമീപിച്ചപ്പോഴും പരാതിക്കാരി ഗംഗേശാനന്ദയ്ക്ക് അനുകൂലമായി മൊഴി നല്‍കി. സംഭവത്തിന് പിന്നില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയാണെന്നാരോപിച്ച് ഗംഗേശാനന്ദ ഡിജിപിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ച് വിശദമായി അന്വേഷിച്ചത്. ഈ അന്വേഷണത്തിലാണ് നിര്‍ണായക കണ്ടെത്തല്‍.
പരാതിക്കാരിയെ തന്നെ പ്രതി ചേര്‍ക്കേണ്ട സാഹചര്യമായതിനാല്‍ നിയമോപദേശം ലഭിച്ച ശേഷമാകും ക്രൈംബ്രാഞ്ച് തീരുമാനമെടുക്കുക. നിയമോപദേശം അനുകൂലമായാല്‍ പരാതിക്കാരിയേയും അയ്യപ്പദാസിനേയും പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിക്കും.