തിരുവനന്തപുരം: ചലച്ചിത്ര മേഖലയില്‍ സ്‌ത്രീകളുടെ കഴിവുകളെ അംഗീകരിച്ച് തുടങ്ങിയതില്‍ സന്തോഷമുണ്ടെന്ന് മികച്ച തിരക്കഥയ്‌ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ സംവിധായികയും തിരക്കഥാകൃത്തുമായ ശാലിനി ഉഷ ദേവി. 'സുരറൈ പോട്ര്' എന്ന ചിത്രത്തിന്‍റെ സഹതിരക്കഥാകൃത്താണ് ശാസ്‌തമംഗലം സ്വദേശിയായ ശാലിനി. മികച്ച ചിത്രം, മികച്ച നടന്‍, മികച്ച നടി, മികച്ച തിരക്കഥാകൃത്ത്, മികച്ച സംഗീത സംവിധാനം എന്നീ അഞ്ച് പുരസ്‌കാരങ്ങളാണ് 'സുരറൈ പോട്ര്' സ്വന്തമാക്കിയത്.
ചിത്രത്തിലെ അഭിനയത്തിന് അപര്‍ണ ബാലമുരളിയും തിരക്കഥയ്‌ക്ക് സുധ കൊങ്കരയ്‌ക്കൊപ്പം ശാലിനി ഉഷ ദേവിയും ദേശീയ പുരസ്‌കാരം നേടിയപ്പോള്‍ മലയാളത്തിന് അഭിമാനത്തിളക്കമായി. പ്രമുഖ പ്രൊഡക്ഷൻ ഹൗസിന് വേണ്ടി വെബ്‌സീരിസ് തയ്യാറാക്കുന്നതിനിടെയാണ് സംവിധായിക സുധ കൊങ്കരയെ ശാലിനി പരിചയപ്പെടുന്നത്. സുധ കൊങ്കര അപ്പോഴേക്കും കഥയുടെ ഒരു ഘട്ടം വരെ പൂർത്തിയാക്കിയിരുന്നു. തുടർന്ന് ഒന്നിച്ച് തിരക്കഥ രചനയിലേക്ക് കടന്നു.
രണ്ടുവർഷത്തോളമാണ് സുരറൈ പോട്രിൻ്റെ തിരക്കഥയ്‌ക്കായി ചെലവിട്ടത്. ചെന്നൈയിൽ പഠിച്ച ശാലിനിക്ക് തമിഴ് നന്നായി അറിയാവുന്നത് സഹായകരമായി. ചെക്കോസ്ലോവാക്യയിലെ പ്രാഗില്‍ നിന്നാണ് ചലച്ചിത്ര പഠനം പൂര്‍ത്തീകരിച്ചത്. പ്രാഗിലെ പഠന കാലത്ത് വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരുമായുള്ള സാംസ്‌കാരിക വിനിമയം സിനിമയെ കുറിച്ചുള്ള കാഴ്‌ചപ്പാട് വികസിപ്പിക്കാൻ സഹായിച്ചതായി ശാലിനി പറയുന്നു.
മലയാറ്റൂർ രാമകൃഷ്‌ണന്‍റെ 'യക്ഷി' എന്ന നോവലിനെ അവലംബിച്ച് ശാലിനിയുടെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച് 2013 ൽ പുറത്തിറങ്ങിയ 'അകം' അന്തർദേശീയ ചലച്ചിത്രമേളകളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. നെറ്റ്‌ഫ്‌ളിക്‌സുമായി ഒന്നിക്കുന്ന പുതിയ പ്രൊജക്‌റ്റ് ഉടൻ പ്രഖ്യാപിക്കും. തൻ്റെ സംവിധാനത്തിൽ പുതിയ ചിത്രം അടുത്ത വർഷം ഉണ്ടാകുമെന്നും ശാലിനി ഉഷ ദേവി ഇടിവി ഭാരതിനോട് പറഞ്ഞു.
Also read: 13 പുരസ്‌കാരങ്ങളുമായി മാറ്റ് കൂട്ടി മലയാളം, ആകെ 15