തിരുവനന്തപുരം: ISRO ചാരക്കേസിലെ ഗൂഢാലോചന കേസിൽ മുൻ പൊലീസ് മേധാവി സിബി മാത്യുസ്, ഡി.വൈ.എസ്.പി ജോഷുവ എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യ അപേക്ഷയിൽ വിധി നാളെ. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുക. കേസില്‍ നാലാം പ്രതിയാണ് സിബി മാത്യൂസ്.
ഐ.ബി ഉദ്യോഗസ്ഥരുടെ സമ്മർദ്ദം കൊണ്ടാണ് കേസ് രജിസ്റ്റർ ചെയ്‌തതെന്നും താൻ കേസിൽ നിരപരാധിയാണെന്നുമാണ് സിബി മാത്യുസിൻ്റെ വാദം. എന്നാൽ കേസിൽ സിബി മാത്യുസിന് പങ്കുണ്ടെന്ന് മുൻകൂർ ജാമ്യ അപേക്ഷ എതിർത്തു സിബിഐ കോടതിയിൽ വാദിച്ചു. ഗൂഢാലോചന കേസിൽ ഒന്നാം പ്രതി എസ്.വിജയൻ, രണ്ടാം പ്രതി തമ്പി.എസ്.ദുർഗാദത്ത്, ഇന്‍റലിജൻസ് ബ്യൂറോ മുൻ ഡെപ്യൂട്ടി ഡയറക്‌ടർ ആർ.ബി ശ്രീകുമാർ എന്നിവർക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
കേസിലെ ഗൂഢാലോചന വിഷയം അന്വേഷിക്കാനായി സുപ്രീം കോടതി മുൻ ജഡ്‌ജി ആയിരുന്ന ഡി.കെ.ജയിനെ അധ്യക്ഷനാക്കി കമ്മിറ്റി രൂപീകരിക്കുകയായിരുന്നു. അന്വേഷണത്തിൽ കമ്മറ്റി ഗുരുതരമായ അപാകതകൾ കണ്ടെത്തിയിരുന്നു. തുടർന്ന് ഈ റിപ്പോർട്ട് പരിഗണിച്ചാണ് കോടതി ISRO ചാരക്കേസിലെ ഗൂഢാലോചന അന്വേഷിക്കാൻ സിബിഐക്ക് ഉത്തരവ് നൽകിയത്. മുൻ പൊലീസ്, ഐ.ബി.ഉദ്യോഗസ്ഥൻമാർ അടക്കം 18 പേരാണ് കേസിലെ പ്രതികൾ.
READ MORE: ഐ.എസ്.ആർ.ഒ ചാരക്കേസ്; നാല് പ്രതികൾക്ക് മുൻകൂർ ജാമ്യം