തിരുവനന്തപുരം: നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുമ്പോൾ ഷിഫ്റ്റ് അടിസ്ഥാനത്തിലാകും ക്ലാസുകള്‍ പ്രവര്‍ത്തിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. സ്‌കൂളുകള്‍ തുറന്നാലും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ പദ്ധതി തയ്യാറാക്കും. ആരോഗ്യ വകുപ്പുമായി ഇക്കാര്യത്തില്‍ ആശയവിനിമയം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സർക്കാരിന് മുന്നിലുള്ളത് കുട്ടികളുടെ ഭാവി മാത്രം
അധ്യാപക സംഘടനയുമായും രക്ഷിതാക്കളുമായും ചര്‍ച്ച ചെയ്‌ത് ആശങ്കകൾ പരിഗണിച്ചാകും പദ്ധതി തയാറാക്കുക. രണ്ട് ദിവസത്തിനുള്ളിൽ തന്നെ മാനദണ്ഡങ്ങള്‍ തീരുമാനിക്കും. രോഗം വ്യാപനം ഉണ്ടാകാതിരിക്കാന്‍ പ്രതിരോധ സൗകര്യങ്ങളൊരുക്കിയാകും ക്ലാസുകൾ തുടങ്ങുക. വിദ്യാര്‍ഥികള്‍ക്ക് മാസ്‌ക് നല്‍കുമെന്നും മന്ത്രി പറഞ്ഞു.
സ്‌കൂള്‍ ബസുകള്‍ അണുവിമുക്തമാക്കും. ബസ് സൗകര്യം ഇല്ലാത്ത സ്‌കൂളുകളില്‍ പകരം സൗകര്യം ഒരുക്കും. കുട്ടികളുടെ ഭാവിയാണ് സര്‍ക്കാരിന് മുന്നില്‍ ഉള്ളതെന്നും ശിവന്‍കുട്ടി പറഞ്ഞു.
വകുപ്പുമായി ചർച്ച നടന്നില്ലെന്ന ആരോപണം തള്ളി മന്ത്രി
സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പുമായി ചര്‍ച്ച നടന്നില്ല എന്നത് അടിസ്ഥാന രഹിതമായ ആരോപണമാണ്. കഥ എഴുതുന്നവരുടെ മനസില്‍ തോന്നുന്ന കാര്യമാണ് ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നത്. വിദ്യാഭ്യാസ വകുപ്പുമായി വ്യക്തമായ കൂടിയാലോചനകള്‍ നടത്തിയാണ് തീരുമാനം എടുത്തത്.
ചര്‍ച്ചകളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വരാത്തത് കൊണ്ടാണ് തെറ്റിദ്ധാരണ ഉണ്ടായതെന്നും മന്ത്രി പറഞ്ഞു. പ്ലസ് വണ്‍ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരും. പരീക്ഷ നടത്തിപ്പിനുള്ള ക്രമീകരണങ്ങള്‍ ഈ യോഗത്തില്‍ തീരുമാനമാകുമെന്നും മന്ത്രി വ്യക്തമാക്കി.
READ MORE: സംസ്ഥാനത്തെ സ്‌കൂളുകൾ നവംബർ 1 മുതൽ ; 15 മുതൽ മുഴുവൻ ക്ലാസുകളും