തിരുവനന്തപുരം : കണ്ണൂർ സർവകലാശാലയുടെ വിവാദ സിലബസിനെ പിന്തുണച്ച് ശശി തരൂർ എംപി. വിമർശനാത്മകമായി ഗോള്‍വോള്‍ക്കറും സവർക്കറും സിലബസിൽ ഉൾപ്പെടുന്നതില്‍ തെറ്റില്ലെന്നും ഇഷ്‌ടമുള്ളതേ വായിക്കൂ എന്നാണെങ്കിൽ സർവകലാശാലയിൽ പോകുന്നതുകൊണ്ട് കാര്യമൊന്നുമില്ലെന്നും ശശി തരൂർ വ്യക്തമാക്കി.
ഒരു സർവകലാശാലയിൽ പല വിഷയങ്ങൾ പ്രതിപാദിക്കുന്ന പുസ്‌തകങ്ങൾ ഉണ്ടാകും. ആ പുസ്തകം മാത്രമായിരുന്നു സിലബസിൽ ഉൾപ്പെടുത്തിയിരുന്നതെങ്കിൽ അതിൽ തെറ്റ് പറയാമായിരുന്നു. എന്നാൽ പല പുസ്തകങ്ങൾക്കിടയിലുള്ള ഒരു പുസ്തകം മാത്രമാണിത്. അത് വിദ്യാർഥികൾ വായിക്കുന്നതിലും ആരോഗ്യകരമായ ചർച്ചകൾ നടത്തുന്നതിലും തെറ്റില്ല, തരൂർ പറഞ്ഞു.
താന്‍ മനസിലാക്കിയത് ഗാന്ധി, നെഹ്‌റു, ടാഗോര്‍ തുടങ്ങിയവരോടൊപ്പം ഗോള്‍വോള്‍ക്കറിന്‍റെയും സവര്‍ക്കറുടെയും ടെക്സ്റ്റുകള്‍ കൂടി ഉള്‍പ്പെടുത്തിയെന്നാണ്. അതിനാൽ സവർക്കറും ഗോൾവോൾക്കറും എപ്പോൾ പുസ്തകം എഴുതി, ആ സമയത്ത് ലോകത്ത് എന്തായിരുന്നു സംഭവിച്ചുകൊണ്ടിരുന്നത്, എന്താണ് അവരുടെ വിശ്വാസം എന്നതൊക്കെ മനസിലാക്കി വിമർശനാത്മകമായി പുസ്തകത്തെ മനസിലാക്കുന്നതിൽ ഒരു തെറ്റും കാണുന്നില്ലെന്നും തരൂർ കൂട്ടിച്ചേർത്തു.
എം.എ ഗവേണൻസ് ആന്‍റ് പൊളിറ്റിക്‌സ് ,സിലബസിൽ സംഘ പരിവാർ നേതാക്കളായ സവർക്കറുടെയും ഗോൾവോള്‍ക്കറുടെയും ബൽരാജ്‌മധോക്കറുടെയും ദീൻദയാൽ ഉപാധ്യായയുടെയുമെല്ലാം രാഷ്ട്രീയ ചിന്തകൾ പഠിപ്പിക്കാൻ കണ്ണൂര്‍ സർവകലാശാല തീരുമാനിച്ചതാണ് വിവാദമായത്. ഇതിൽ പ്രതിഷേധിച്ച് വിവിധ വിദ്യാർഥി യുവജന സംഘടനകൾ സമരത്തിനിറങ്ങിയിരുന്നു. ശേഷം സര്‍വകലാശാല ഈ സിലബസ് മരവിപ്പിക്കുകയും ചെയ്‌തു.