തിരുവനന്തപുരം: സംസ്ഥാനത്ത് കുരുന്നുകളെ വരവേറ്റ് വർണാഭമായ സ്‌കൂൾ പ്രവേശനോത്സവം. കൊവിഡ് പ്രതിസന്ധികൾ മറികടന്ന് രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് സ്‌കൂളുകളിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്നത്. ഗവ. എൽ.പി.എസ് കോട്ടൺഹിൽ സ്‌കൂളിൽ ചെണ്ടമേളത്തിന്‍റെ അകമ്പടിയോടെയാണ് നവാഗതരായ കുരുന്നുകളെ വരവേറ്റത്.
ഗവ. മോഡൽ എച്ച്.എസ്.എൽ.പി.എസിൽ കുട്ടികൾ അക്ഷരദീപം കൊളുത്തിയാണ് ഒന്നാം ക്ലാസിൽ പ്രവേശിച്ചത്. വിപുലമായ പ്രവേശനോത്സവമാണ് ഇവിടെ ഒരുക്കിയത്. സ്‌കൂൾ തുറക്കുന്നതിന്‍റെ വലിയ ആവേശത്തിലായിരുന്നു കുരുന്നുകൾ. പാട്ടും മേളവുമൊക്കെയായി തുടക്കം അതിഗംഭീരം.
പുതിയ ബാഗും യൂണിഫോമും ഷൂസുമൊക്കെ ധരിച്ച് മിടുക്കന്മാരായാണ് കുട്ടികൾ സ്‌കൂളിലേക്കെത്തിയത്. പുതിയ കൂട്ടുകാരെ ലഭിച്ചതിന്‍റെ സന്തോഷത്തിലായിരുന്നു കുട്ടികളെല്ലാം. എന്നാൽ അച്ഛനെയും അമ്മയെയും കാണാത്തതിന്‍റെ പരിഭവത്തിലാണ് ഒരു കുരുന്ന്. കാര്യം തിരക്കിയപ്പോൾ നിറകണ്ണുകളോടെ വിവരം പങ്കുവെച്ചു.
കോട്ടൺഹിൽ എൽപി സ്‌കൂളിൽ നടന്ന പ്രവേശനോത്സവം മന്ത്രി ആന്‍റണി രാജു ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ മേഖലയിലെ 13,000 സ്‌കൂളുകൾ ഇന്ന് തുറക്കുമ്പോൾ 43 ലക്ഷം കുട്ടികൾ പഠിക്കാനെത്തും. ഇനി ബാച്ചുകളോ, ഇടവേളകളോ, ഫോക്കസ് ഏരിയയോ ഒന്നുമില്ല. എല്ലാം പഠിക്കണം.
ആദ്യ മൂന്നാഴ്‌ചയോളം റിവിഷനായിരിക്കും. മാസ്‌കും സാനിറ്റൈസറും നിർബന്ധമാണ്. രണ്ടു വർഷം നടക്കാതിരുന്ന കായിക, ശാസ്ത്ര മേളകളും കലോത്സവങ്ങളും ഇക്കൊല്ലം ഉണ്ടാകും.
ഓൺലൈൻ ക്ലാസുകളിലേക്ക് ഉൾവലിയപ്പെട്ട വിദ്യാലയ അന്തരീക്ഷം തിരിച്ചു ലഭിക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് കുട്ടികൾ. ഇനി മുതൽ പഴയതുപോലെ കൂട്ടുകാർക്കൊപ്പം കളിചിരികളും ഇണക്കങ്ങളും പിണക്കവുമൊക്കെയായി ഒരുമിച്ച് ഒരു ബെഞ്ചിലിരുന്ന് സന്തോഷത്തോടെ പഠിക്കാം എന്ന പ്രതീക്ഷ.