തിരുവനന്തപുരം: സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറായി സഞ്ജയ് കൗള്‍ ചുമതലയേറ്റു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറായിരുന്ന ടിക്കാറാം മീണ സംസ്ഥാന കേഡറിലേക്ക് മടങ്ങിയതിനെ തുടര്‍ന്നാണ് അഡീഷണല്‍ സിഇഒ കൂടിയായ സഞ്ജയ് കൗളിനെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറായി സര്‍ക്കാര്‍ നിയമിച്ചത്.
2001 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ കൗള്‍ തിരുവനന്തപുരം ജില്ല കലക്‌ടര്‍, വ്യവസായ വകുപ്പ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഗുജറാത്ത് വഡോദര സ്വദേശിയായ കൗള്‍ നേരത്തെ ഗുജറാത്ത് സര്‍ക്കാരിന് കീഴില്‍ ടൂറിസം കമ്മിഷണറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇരട്ട വോട്ട് വിവാദവും നിയമനവും
2018 മാര്‍ച്ചില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറായി ചുമതലയേറ്റ ടിക്കാറാം മീണയുടെ നേതൃത്വത്തിലാണ് 2019ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പും 2021ല്‍ നിയമസഭ തെരഞ്ഞെടുപ്പും നടന്നത്. വോട്ടര്‍ പട്ടികയില്‍ ഇരട്ട വോട്ട് സംബന്ധിച്ച് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് അന്ന് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണം ഇടത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു.
വിവരങ്ങള്‍ പ്രതിപക്ഷ നേതാവിന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസില്‍ നിന്ന് ചോര്‍ത്തി നല്‍കിയെന്ന് സിപിഎം ആരോപണം ഉന്നയിക്കുകയും പിന്നീട് സിഇഒ ഉദ്യോഗസ്ഥര്‍ തന്നെ പരാതി നല്‍കുകയും ചെയ്‌തു. ഈ പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതിനിടെയാണ് മീണയെ മാറ്റി അഡീഷണല്‍ സിഇഒ ആയിരുന്ന കൗളിനെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി നിയമിച്ചത്.
വിശദീകരണവുമായി ടിക്കാറാം മീണ
എന്നാല്‍ ഇതിന്‍റെ പേരിലല്ല തന്നെ മാറ്റിയതെന്നും തന്‍റെ ആവശ്യപ്രകാരമാണ് മാറ്റമെന്നുമാണ് ടിക്കാറാം മീണയുടെ വിശദീകരണം. പ്ലാനിങ് ആന്‍ഡ് ഇക്കണോമിക് അഫയേഴ്‌സ് വകുപ്പില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായാണ് മീണയുടെ പുതിയ നിയമനം.
Also read: ഇരട്ട വോട്ട് : രമേശ് ചെന്നിത്തലയുടെ പരാതി ശരിവച്ച് ടിക്കാറാം മീണ