തിരുവനന്തപുരം: സാല്‍വിനും സാല്‍വിയക്കും ഇതുവരെ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ടി.വിയോ മറ്റ് സംവിധാനങ്ങളൊ ഇല്ലാത്തതാണ് കാരണം. കാര്യമറിഞ്ഞ കലൂർ യു.പി സ്കൂളിലെ പി.റ്റി.എ ഇവര്‍ക്ക് ടി.വി നല്‍കാന്‍ തീരുമാനിച്ചു. സ്കൂളില്‍ വച്ച് നടന്ന ചടങ്ങില്‍ അടൂർ പ്രകാശ് എം.പി ടി.വി കൈമാറി. ടി.വി ലഭിച്ചെങ്കിലും സാല്‍വിന്‍റെയും സാല്‍വിയയുടെയും മുഖത്ത് ചിരി വിരിഞ്ഞില്ല. കാരണം ടി.വി വെക്കാന്‍ വീടോ പ്രവര്‍ത്തിപ്പിക്കാന്‍ വൈദ്യുതിയോ ഇവർക്കില്ല. കുഞ്ഞു കണ്ണുകളിലെ ആശങ്ക പി.ടി.എ അംഗങ്ങള്‍ തന്നെ എം.പിയെ അറിയിച്ചു. കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ട് ഉടന്‍ വീട്ടില്‍ വൈദ്യുതി നല്‍കാന്‍ എം.പി സംവിധാനമൊരുക്കി. ഇതിനുള്ള സംഖ്യ പി.ടി.എ തന്നെ കെ.എസ്.ഇ.ബിയില്‍ അടക്കുകയും ചെയ്തു. രണ്ട് ദിവസത്തിനുള്ളില്‍ വൈദ്യുതി എത്തിക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചിട്ടുണ്ട്.
മംഗലപുരം പഞ്ചായത്തിലെ തോന്നയ്ക്കലില്‍ സര്‍ക്കാറില്‍ നിന്നും സൗജന്യമായി ലഭിച്ച അഞ്ച് സെന്‍റ് സ്ഥലത്താണ് ഇരുവരും ഉള്‍പ്പെട്ട ആറംഗ ദളിത് കുടുംബം താമസിക്കുന്നത്. അടച്ചുറപ്പുള്ള വീടില്ലെങ്കിലും റേഷന്‍ കാര്‍ഡില്‍ ഇവര്‍ എ.പി.എല്‍ ലിസ്റ്റിലാണെന്നത് മറ്റൊരു വിരോധാഭാസം. പാട്ടത്തിൻകര സ്വദേശികളായ വൃദ്ധ ദമ്പതികളായ പുരുഷോത്തമനും ഭാര്യ ശ്രീസായിക്കുമാണ് വർഷങ്ങളായി വെള്ള റേഷൻ കാർഡുളളത്. മഴ പെയ്താൽ പുറത്ത് നിന്നുള്ള വെള്ളത്തിന് പുറമെ കീറിയ ടാർപ്പോളിൻ വഴി വെള്ളം അകത്ത് വീഴും. രണ്ട് പേരും പ്രായമായവരും രോഗികളുമാണ്.
ഭാര്യക്ക് തൊഴിലുറപ്പിലൂടെ കിട്ടുന്ന കൂലിയാണ് ഏക വരുമാനം. ഇപ്പോൾ അതുമില്ല. നാട്ടുകാരുടെ സഹായം കൊണ്ട് മാത്രം ഭക്ഷണം കഴിച്ച് കഴിയുന്നു. വെള്ള കാർഡായതിനാൽ സർക്കാർ ആനുകൂല്യങ്ങളും സൗജന്യ റേഷനും ലഭിക്കുന്നില്ല. റേഷൻ കാർഡ് മാറ്റാനായി അധികൃതരെ സമീപിച്ചെങ്കിലും ഇതുവരെ ഒന്നും നടന്നിട്ടില്ല. മംഗലപുരം പഞ്ചായത്തിൽ നിന്ന് എ.സി.എസ്.റ്റി ഫണ്ടു വഴി അഞ്ചു സെന്റ് ഭൂമി കിട്ടിയെങ്കിലും ഒരു വീട് ഇനിയും ആയിട്ടില്ലെന്നും ഇവർ പറയുന്നു. ലോട്ടറി കച്ചവടക്കാരനായിരുന്ന മുത്തച്ഛന്‍ പുരുഷോത്തമന്‍ ശരീരത്തിന്‍റെ ഒരു ഭാഗം തളർന്ന് പോയതിനാൽ വീട്ടിൽ കിടപ്പാണ്. അച്ഛനാകട്ടെ ശാരീരിക അവശതയുള്ളതിനാൽ സ്ഥിരമായി ജോലിക്ക് പോകാനും കഴിയില്ല.
സമ്പൂർണ്ണ വൈദ്യുതീകരണം അവകാശപ്പെടുന്ന ജില്ലയിൽ വൈദ്യുതി പോലും ലഭിക്കാതെയാണ് ഈ കുടുംബം കഴിയുന്നത്. ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലാണ് വൈദ്യുതി ലഭിക്കാൻ തടസമായതെന്നാണ് മംഗലപുരം പഞ്ചായത്തിന്‍റെ വിശദീകരണം. ലൈഫ് മിഷനിൽ 2020 ലെ ഗുണഭോക്ത്ര ലിസ്റ്റിൽ പേരുണ്ടെന്നും വീട് ഉടൻ അനുവദിക്കുമെന്നു പഞ്ചായത്തംഗം സുധീഷ് ലാൽ പറഞ്ഞു.