തിരുവനന്തപുരം: 2021ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി അധ്യക്ഷനായി ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്‌തര്‍ മിർസ. 142 സിനിമകളാണ് 2021ലെ പുരസ്‌കാരത്തിന് മത്സരിക്കുന്നത്. ഇവയില്‍ ഏഴെണ്ണം കുട്ടികളുടെ ചിത്രങ്ങളാണ്.
ഏപ്രില്‍ 28ന് ജൂറി സ്ക്രീനിങ് ആരംഭിക്കും. സംവിധായകനും ചലച്ചിത്ര നിരൂപകനുമായ കെ ഗോപിനാഥൻ, സംവിധായകൻ സുന്ദർദാസ് എന്നിവർ പ്രാഥമിക വിധിനിർണയ സമിതിയിലെ രണ്ട് സബ് കമ്മറ്റികളുടെ ചെയർമാന്‍മാരാണ്. ഇവർ അന്തിമ വിധി നിർണയ സമിതിയിലെ അംഗങ്ങളുമാണ്.
ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ സുരേഷ് ത്രിവേണി, ചലച്ചിത്ര പിന്നണി ഗായിക ബോംബെ ജയശ്രീ, ഛായാഗ്രാഹകയും സംവിധായികയുമായ ഫൗസിയ ഫാത്തിമ, സൗണ്ട് ഡിസൈനര്‍ ഹരീന്ദ്രനാഥ് ദ്വാരക് വാര്യര്‍ എന്നിവരും അന്തിമ വിധിനിര്‍ണയ സമിതിയില്‍ അംഗങ്ങളാണ്. ദൂരദര്‍ശന്‍ മുന്‍ ഡെപ്യൂട്ടി ഡയറക്‌ടറും ഡോക്യുമെന്‍ററി സംവിധായകനുമായ ബൈജു ചന്ദ്രന്‍, എഴുത്തുകാരും തിരക്കഥാകൃത്തുക്കളുമായ വി.ആര്‍ സുധീഷ്, സുസ്മേഷ് ചന്ത്രോത്ത്, സൗണ്ട് ഡിസൈനര്‍ ജിസ്സി മൈക്കിള്‍, സംവിധായികയും തിരക്കഥാകൃത്തുമായ സംഗീത പത്മനാഭന്‍, ഛായാഗ്രാഹകന്‍ വേണുഗോപാല്‍ എന്നിവരാണ് പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ മറ്റ് അംഗങ്ങള്‍. പ്രാഥമിക ജൂറിയില്‍ എട്ട് അംഗങ്ങളും അന്തിമ ജൂറിയില്‍ ഏഴ് അംഗങ്ങളുമാണ് ഉള്ളത്. ചലച്ചിത്ര നിരൂപകന്‍ വി.കെ ജോസഫ് ആണ് രചനാവിഭാഗം ജൂറിയുടെ ചെയര്‍മാന്‍.