തിരുവനന്തപുരം: ഹയർ സെക്കൻഡറി പാഠ്യപദ്ധതിയിൽ റോഡ് നിയമങ്ങൾ പഠിക്കാൻ പുസ്‌തകം തയാറാക്കി മോട്ടോർ വാഹന വകുപ്പ്. 'റോഡ് സുരക്ഷ' എന്ന് പേരിട്ടിരിക്കുന്ന പുസ്‌തകത്തിൻ്റെ പ്രകാശനം ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജുവും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ചേർന്ന് നിർവഹിച്ചു.
പുസ്‌തകം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയാൽ ഹയർ സെക്കൻഡറി പരീക്ഷ പാസായി ഡ്രൈവിങ് ലൈസൻസ് നേടാൻ പ്രായപൂർത്തിയാകുമ്പോൾ പ്രത്യേക ലേണേഴ്‌സ് ലൈസൻസ് എടുക്കേണ്ടതില്ലെന്നും ആൻ്റണി രാജു പറഞ്ഞു. പുസ്‌തകം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് ഇനിയും ഒരുപാട് നടപടിക്രമങ്ങളുണ്ടെന്നും ചർച്ച ചെയ്‌ത് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് വി ശിവൻകുട്ടി അറിയിച്ചു.
റോഡ് നിയമങ്ങൾ, മാർക്കിങുകൾ, സൈനുകൾ, വാഹനാപകട കാരണങ്ങൾ, നിയമ പ്രശ്‌നങ്ങൾ, റോഡ് സുരക്ഷ സംവിധാനങ്ങൾ, ഡ്രൈവിങ് ലൈസൻസ് എടുക്കുന്നതിനു മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ തുടങ്ങിയ വിവരങ്ങൾ അടങ്ങിയ പുസ്‌തകമാണ് തയാറാക്കിയിരിക്കുന്നത്.
കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ ഇതിനാവശ്യമായ ഭേദഗതി വരുത്താൻ ഗതാഗത വകുപ്പ് നടപടി സ്വീകരിക്കും. പുസ്‌തകം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയാൽ പഠിപ്പിക്കുന്നതിനാവശ്യമായ പരിശീലനം അധ്യാപകർക്ക് നൽകുന്നതിനും മോട്ടോർ വാഹന വകുപ്പ് സംവിധാനമൊരുക്കും.