തിരുവനന്തപുരം: നടപടി ക്രമങ്ങൾക്ക് അനുസരിച്ച് മാത്രമേ പിഎസ്‌സിക്ക് പ്രവർത്തിക്കാൻ കഴിയൂവെന്ന് ചെയർമാൻ എംകെ സക്കീർ. എല്ലാ റാങ്ക് ലിസ്റ്റുകളിലും അതാത് മേഖലകൾക്ക് അനുസരിച്ച നിയമനങ്ങൾ നടത്തിയിട്ടുണ്ട്. ഓരോ റാങ്ക് ലിസ്റ്റുകളിലും മാറ്റം വരുത്താൻ കഴിയില്ലെന്നും ഉദ്യോഗാർഥികൾ ചട്ടം പഠിക്കണമെന്നും പിഎസ്‌സി ചെയര്‍മാന്‍ പറഞ്ഞു.
ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാനുള്ള അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി കഴിഞ്ഞ ദിവസം പിഎസ്‌സി നേടിയിരുന്നു. ഇതിന് പിന്നാലെയാണ് പിഎസ്‌സി ചെയര്‍മാന്‍ നിലപാട് വ്യക്തമാക്കിയത്.
എല്ലാവര്‍ക്കും തുല്യനീതി
പിഎസ്‌സിയിൽ എല്ലാവർക്കും തുല്യനീതിയാണെന്നും ചെയര്‍മാന്‍ പറഞ്ഞു. തെറ്റായ വിധിക്ക് എതിരെ ശരിയായ വിധി നേടുക മാത്രമാണ് ചെയ്‌തത്. കമ്മിഷന്‍ ഉദ്യോഗാർഥികൾക്ക് എതിരല്ലെന്നും ചെയർമാൻ പറഞ്ഞു.
പിഎസ്‌സി നിയമനങ്ങൾ എല്ലാ കാലഘട്ടങ്ങളിലും നടന്നത് പോലെയാണ് ഇപ്പോഴും നടക്കുന്നത്. കൊവിഡ് കാലഘട്ടത്തിൽ പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനും ഉദ്യോഗാർഥികൾക്ക് നിയമന ശുപാർശ ചെയ്യുന്നതിനും തടസം ഉണ്ടായിട്ടില്ല. തീരുമാനിക്കപ്പെട്ട അഭിമുഖങ്ങളും പരീക്ഷകളും പ്രമാണ പരിശോധനകളും മാത്രമാണ് മാറ്റി വയ്ക്കേണ്ടി വന്നത്.
ബുധനാഴ്‌ച കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളിൽ നിന്നുള്ള നിയമന ശിപാർശകൾക്ക് പ്രത്യേക സംവിധാനമൊരുക്കി നടപടി സ്വീകരിച്ചു കഴിഞ്ഞുവെന്നും ചെയർമാൻ വ്യക്തമാക്കി.
Read more: ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി നടപടി ഖേദകരമെന്ന് ഉദ്യോഗാർഥികൾ