തിരുവനന്തപുരം : സിഎസ്ഐ സഭ മോഡറേറ്റർ ബിഷപ്പ് ധർമരാജ് റസാലത്തെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വിശ്വാസികൾ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പാളയം എൽഎംഎസ് പള്ളിയിലേക്ക് വിശ്വാസികൾ നടത്തിയ പ്രതിഷേധ മാർച്ചിലാണ് സംഘർഷമുണ്ടായത്. ലാത്തിച്ചാർജിൽ പ്രതിഷേധക്കാരിലൊരാളുടെ തലയ്ക്ക് പരിക്കേറ്റു.
മാർച്ച് നടത്താൻ പാടില്ലെന്ന കോടതി ഉത്തരവിനെ തുടർന്ന് പൊലീസ് ഏർപ്പെടുത്തിയ വിലക്ക് ലംഘിച്ചായിരുന്നു പ്രതിഷേധം. പ്രകടനം തടയാൻ നടപടിയുമായി പൊലീസ് സ്ഥലത്തെത്തുകയും മ്യൂസിയം ജങ്ഷനിൽ എത്തിയവരെ അറസ്റ്റ് ചെയ്‌ത് നീക്കുകയും ചെയ്‌തു. ഇതിനിടെയാണ് പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടിയത്.
മെഡിക്കൽ കോളജ് കോഴ കേസിൽ ധർമരാജ് റസാലത്തിനെ കൊച്ചിയിൽ കഴിഞ്ഞ ദിവസം എൻഫോഴ്സ്മെൻ്റ് ഡയറക്‌ടറേറ്റ് (ഇഡി) ചോദ്യം ചെയ്‌തിരുന്നു. കാരക്കോണം മെഡിക്കൽ കോളജ് കോഴ ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് ബിഷപ്പിനെ ഇഡി ചോദ്യം ചെയ്‌തത്. അതേസമയം, ബിഷപ്പ് സ്ഥാനത്ത് നിന്ന് സ്വയം മാറിനിൽക്കണമെന്ന ആവശ്യവുമായി ശക്തമായി മുന്നോട്ട് പോകാനാണ് പ്രതിഷേധവുമായെത്തിയ ഒരു വിഭാഗം വിശ്വാസികളുടെ തീരുമാനം.