തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളും ഗുണ്ടാ ആക്രമണങ്ങളും നിയന്ത്രിയ്ക്കാൻ പൊലീസ് കാര്യക്ഷമമായി പ്രവർത്തിയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി. രഹസ്യാന്വേഷണ വിഭാഗം ഇത് സംബന്ധിച്ച് മുൻകൂട്ടി വിവരങ്ങൾ നൽകുന്നുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്‌ചയില്ലെന്നും നിയമസഭയിൽ കുറുക്കോളി മൊയ്‌തീന്‍റെ ചോദ്യത്തിന് മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകി.
ഗുണ്ടാ-മയക്കുമരുന്ന് സംഘങ്ങളെ നിയന്ത്രിക്കാൻ ഡാറ്റാബേസ് തയാറാക്കുന്നുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ളവരുടെ സാമ്പത്തിക സ്രോതസും കുറ്റവാളികളുടെ പണമിടപാടുകളും പരിശോധിക്കുന്നു. ഇവരുടെ ഹിസ്റ്ററി ഷീറ്റ് ജില്ല അടിസ്ഥാനത്തിൽ തയ്യാറാക്കിയിട്ടുണ്ട്. സ്റ്റേഷൻ ഹൗസ് ഓഫിസർമാരുടെ നേതൃത്വത്തിൽ രണ്ട് ഉദ്യോഗസ്ഥർ അതത് സ്റ്റേഷൻ പരിധിയിലെ ഗുണ്ടകളെ നിരീക്ഷിക്കുന്നുണ്ടെന്നും സജീവ് ജോസഫിൻ്റെ ഇത് സംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകി.
കാപ്പ നിയമപ്രകാരം 2021 ഡിസംബർ മുതൽ 2022 മാർച്ച് 9 വരെ 88 പേരെ കരുതൽ തടങ്കലിലാക്കിയതായി മുഖ്യമന്ത്രി വ്യക്തമാക്കി. 53 പേരുടെ ജാമ്യം റദ്ദാക്കി. 1,506 കുറ്റവാളികൾക്കെതിരെ കാപ്പ ചുമത്താൻ നടപടി തുടങ്ങി. 281 പേർക്കെതിരെ കാപ്പ ചുമത്താൻ ഉത്തരവായി. 107 പേർക്ക് കുറ്റകൃത്യമോ സംഘർഷമോ ഉണ്ടായ സ്ഥലത്ത് വിലക്കേർപ്പെടുത്തി. ശാരീരിക ആക്രമണങ്ങളിൽ പ്രതികളായിട്ടും അറസ്റ്റ് ചെയ്യാതിരുന്ന 2,685 പേരെ ഇക്കാലയളവിൽ പിടികൂടിയതായും മുഖ്യമന്ത്രി സഭയെ അറിയിച്ചു.