തിരുവനന്തപുരം: പൊലീസ് ആക്‌ട് ഭേദഗതിയുടെ ഓര്‍ഡിനന്‍സ് പിന്‍വലിച്ച് ഗവര്‍ണര്‍. ഒരു ഓര്‍ഡിനന്‍സ് പുറത്തിറക്കി 48 മണിക്കൂറിനുള്ളില്‍ അത് പിന്‍വലിച്ച് വീണ്ടും ഓര്‍ഡിനന്‍സ് ഇറക്കുന്നത് അപൂര്‍വമാണ്. ഇതോടെ മാധ്യമ മാരണ ഓര്‍ഡിനന്‍സ് എന്ന് പ്രതിപക്ഷം വിശേഷിപ്പിക്കപ്പെട്ട 118 എ ഭേദഗതി അസാധുവായി.
സംസ്ഥാന വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് ആക്‌ടിലെ 118 എ നിയമത്തില്‍ ഭേദഗതി വരുത്തിയ ഓര്‍ഡിനന്‍സ് തൽകാലം നടപ്പാക്കേണ്ടെന്ന് 23ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചുരുന്നു. എന്നാല്‍ ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം. സിപിഎമ്മിന്‍റെ കേന്ദ്ര-സംസഥാന നേതൃത്വങ്ങളും ഓര്‍ഡിനന്‍സിനെതിരെ രംഗത്തെത്തിയതോടെ ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ 24നു ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി പിൻവലിക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് തയ്യാറാക്കി അന്നു തന്നെ ഗവര്‍ണര്‍ക്കു സമര്‍പ്പിച്ചു. ഗവര്‍ണര്‍ ഒപ്പിട്ടതോടെ വിവാദ ഓര്‍ഡിനന്‍സ് അസാധുവായി.