തിരുവനന്തപുരം: പിജി ഡോക്‌ടര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സമരം രോഗികളെ ബുദ്ധിമുട്ടിലാക്കുകയും മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുകയും ചെയ്യും. വിഷയത്തില്‍ സര്‍ക്കാര്‍ തികഞ്ഞ നിസംഗതയാണ് കാണിക്കുന്നത്.
സമരം പ്രഖ്യാപിച്ച ഡോക്‌ടര്‍മാരോട് സര്‍ക്കാര്‍ പ്രതികാര നടപടി സ്വീകരിക്കുന്നതായി പരാതിയുണ്ട്. സമര രംഗത്തുള്ള ഗര്‍ഭിണികളായ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരോട് ഹോസ്റ്റല്‍ ഒഴിയണമെന്ന സര്‍ക്കാര്‍ നിലപാട് സമരം ഒത്തുതീര്‍പ്പാക്കുന്നതിന് സഹായകരമല്ല. പിജി ഡോക്‌ടര്‍മാരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.
നാല് മാസം മുമ്പ് സൂചന സമരം നടത്തിയപ്പോള്‍ ആരോഗ്യമന്ത്രി നല്‍കിയ പല വാഗ്‌ദാനങ്ങളും നടപ്പാകാത്തതിനെ തുടര്‍ന്നാണ് സമരരംഗത്തേക്ക് ഇറങ്ങേണ്ടി വന്നതെന്ന് പിജി ഡോക്‌ടര്‍മാര്‍ പറയുന്നു. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് നീറ്റ് പിജി പ്രവേശനം അനിശ്ചിതമായി നീളുന്ന സാഹചര്യത്തില്‍ ഡോക്‌ടര്‍മാരുടെ കുറവും അമിതജോലിഭാരവും പിജി ഡോക്‌ടര്‍മാരെ കാര്യമായി ബാധിക്കുന്നുണ്ട്.
കൊവിഡ് മൂലം വൈകി നടന്ന പരീഷയുടെ ഫലം വരാത്തതിനാല്‍ മൂന്ന് ബാച്ച് പിജി ഡോക്‌ടര്‍മാര്‍ ജോലി ചെയ്യേണ്ടിടത്ത് രണ്ട് ബാച്ച് ഡോക്‌ടര്‍മാരുടെ സേവനം മാത്രമാണ് നിലവില്‍ ലഭിക്കുന്നത്. ഇത് ആത്യന്തികമായി ബാധിക്കുന്നത് പാവപ്പെട്ട രോഗികളെയാണെന്നതിനാല്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Also read: പി.ജി ഡോക്‌ടര്‍മാരുടെ സമരം തുടരും; 'സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തതയില്ല'