തിരുവനന്തപുരം: വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ നടത്തുന്നത് സംബന്ധിച്ച് നിയമസഭയില്‍ ഭരണ-പ്രതിപക്ഷ വാക്പോര്. ശ്രീനാരായണ ഗുരു ഓപ്പൺ സര്‍വകലാശാല വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ ആരംഭിക്കുന്നത് വരെ കേരളത്തിലെ മറ്റു സർവകലാശാലകൾക്കും വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ നടത്താമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നിയമസഭയിൽ പറഞ്ഞു. ഇത് സംബന്ധിച്ച് ഉത്തരവിറക്കിയതായും മന്ത്രി വ്യക്തമാക്കി.
എന്നാല്‍ നിയമസഭ പാസാക്കിയ ശ്രീനാരായണ ഓപ്പൺ സര്‍വകലാശാല നിയമത്തെ മറികടന്ന് ഉത്തരവിറക്കിയത് നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തി. ഇത് നിയമസഭയോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.
മന്ത്രിയുടെ മറുപടി വിസ്‌മയിപ്പിക്കുന്നതാണെന്നും ഏത് നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയതെന്നും സതീശൻ ചോദിച്ചു. ശ്രീനാരായണ ഓപ്പൺ സര്‍വകലാശാല നിയമത്തിലെ 63-ാം വകുപ്പ് പ്രകാരമാണ് ഉത്തരവിറക്കിയതെന്ന് മന്ത്രി മറുപടി നൽകി. നിയമത്തിൽ പ്രത്യേക ഭേദഗതി ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.