തിരുവനന്തപുരം:സംസ്ഥാനത്ത് സിബിഐയുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനുള്ള ഓർഡിനൻസ് ഉടൻ കൊണ്ടുവരേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഇപ്പോൾ ഇത്തരമൊരു നിയമം കൊണ്ടുവരുന്നത് തെറ്റിധാരണയ്ക്ക് ഇടയാക്കും. ലൈഫ് മിഷൻ അന്വേഷണത്തെ തടസ്സപ്പെടുത്താൻ ആണ് ഈ നീക്കമെന്ന് വ്യാഖ്യാനിക്കപ്പെടും. ഇത് രാഷ്ട്രീയമായി ദോഷം ചെയ്യുമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. എന്നാൽ കേന്ദ്ര ഏജൻസികളെ പൊതുജനമധ്യത്തിൽ തുറന്നുകാട്ടും. ഇതിനായി വ്യാപകമായ പ്രചരണം നടത്താനും തീരുമാനിച്ചു. ബാബറി കേസിനെ ഉയർത്തി കാട്ടിയാകും പ്രചരണം സംഘടിപ്പിക്കുക.
സ്വർണക്കടത്ത് കേസിൽ അടക്കം സംസ്ഥാന സർക്കാരിനെതിരെ നടക്കുന്ന അന്വേഷണങ്ങളിൽ ബിജെപിയുടെ രാഷ്ട്രീയ ചട്ടുകമായി കേന്ദ്ര ഏജൻസികൾ മാറുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. ഭരണഘടനാ തലവൻ എന്ന നിലയിലാണ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ വിമർശനം ഉന്നയിക്കാത്തത്. എന്നാൽ പാർട്ടിതലത്തിൽ ഇക്കാര്യത്തിനെതിരെ ശക്തമായ പ്രതികരണം ഉണ്ടാകണമെന്നും സെക്രട്ടേറിയറ്റിൽ തീരുമാനമായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് സ്വപ്‌ന സുരേഷ് ഐഫോൺ സമ്മാനമായി നൽകി എന്ന വിഷയത്തില്‍ ഇടപെടേണ്ടെന്നും സിപിഎം തീരുമാനിച്ചു. ഇക്കാര്യത്തിൽ വ്യക്തിപരമായ പരാമർശങ്ങൾ വേണ്ടെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. സൈബർ ഇടങ്ങളിലെ പ്രചരണങ്ങളുടെ വഴിക്ക് നേതാക്കൾ പോകേണ്ടതില്ലെന്നും അത്തരം പ്രചാരണങ്ങൾ ആ വഴിക്ക് നീങ്ങട്ടെ എന്നും സെക്രട്ടേറിയറ്റ് തീരുമാനിച്ചു.