തിരുവനന്തപുരം : എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിൻ്റെ കൊലപാതകത്തെ തുടർന്നുണ്ടായ ക്രമസമാധാന പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ സുരക്ഷ വർധിപ്പിച്ചു. പൈലറ്റ് വാഹനം ഉൾപ്പടെ അനുവദിച്ച് ഡി.ജി.പി ഉത്തരവിറക്കി.
പ്രത്യേക സുരക്ഷാസേനയാകും നിയോഗിക്കപ്പെടുക. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെയും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍റെയും സുരക്ഷ ശക്തിപ്പെടുത്തണമെന്ന് ഇന്‍റലിജൻസ് ശുപാർശ നൽകിയിരന്നു.
കെ. സുധാകരന് നിലവിലുള്ള ഗൺമാനുപുറമെ കമാൻഡോകളുടെ സുരക്ഷയൊരുക്കണം. അദ്ദേഹം പങ്കെടുക്കുന്ന പൊതുസമ്മേളനങ്ങളിൽ സ്പെഷ്യൽ ബ്രാഞ്ച് നിരീക്ഷണം ഏർപ്പെടുത്തണം. വീടിന് പൊലീസ് കാവലും ഏർപ്പെടുത്തണമെന്നും ഇന്‍റലിജൻസ് നിർദേശത്തിൽ പറയുന്നുണ്ട്.
also read: വയനാട് ലഹരിപ്പാര്‍ട്ടി : കിർമാണി മനോജടക്കമുള്ളവര്‍ റിമാന്‍ഡില്‍
ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടായിട്ടില്ല. കോൺഗ്രസ് ഓഫിസുകൾക്കും സുരക്ഷ നിർദേശിച്ചിട്ടുണ്ട്. ഇതോടൊപ്പം പ്രധാന കോൺഗ്രസ് നേതാക്കളുടെ സുരക്ഷാസംവിധാനങ്ങൾ വർധിപ്പിക്കാനും ജില്ല പൊലീസ് മേധാവിമാർക്ക് നിർദേശമുണ്ട്.
ഇടുക്കിയിലെ കൊലപാതകത്തിന് ശേഷം സംസ്ഥാന വ്യാപകമായി കോൺഗ്രസ് ഓഫിസുകൾക്ക് നേരെ വ്യാപക അക്രമണമുണ്ടായിരുന്നു.