തിരുവനന്തപുരം : സിപിഎം ജില്ല സമ്മേളനങ്ങൾ പൂർത്തിയാക്കിയ ശേഷം മാത്രമേ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കുകയുള്ളൂവെന്ന് പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പ്രതിപക്ഷത്തെ അഞ്ചുപേർ പങ്കെടുത്ത സമരത്തിന്‍റെ പേരിൽ കേസെടുത്തിട്ടുണ്ട്. എന്നാൽ 500 സിപിഎമ്മുകാർ ഒത്തുകൂടിയാൽ കേസില്ല.
ഇതാണ് ഇപ്പോഴത്തെ കേരളത്തിലെ നീതിയെന്നും വി.ഡി സതീശൻ പറഞ്ഞു. സമ്മേളനങ്ങൾ കഴിഞ്ഞ ശേഷം മാത്രമേ കൊവിഡ് പരിശോധനകള്‍ വർധിപ്പിക്കുകയുള്ളൂവെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
ഗവർണറും സർക്കാറും തമ്മിൽ ഉണ്ടായിരുന്നത് സൗന്ദര്യ പിണക്കം മാത്രമാണ്. നിയമവിരുദ്ധമായ നിയമനങ്ങൾ സർവകലാശാലകളിൽ നടത്തുന്നതിന് ഗവർണർ സർക്കാരിനൊപ്പമാണ് നിന്നത്. ഇതിനെയാണ് പ്രതിപക്ഷം വിമർശിക്കുന്നത്. ഗവർണർ ചാൻസലർ എന്ന പദവി ഏറ്റെടുത്ത് നിയമവിരുദ്ധമായി നിയമിച്ചാൽ കണ്ണൂർ വിസിയെ പുറത്താക്കുകയാണ് വേണ്ടതെന്നും വി.ഡി സതീശൻ പറഞ്ഞു.