തിരുവനന്തപുരം: മടിയിൽ കനമില്ലാത്തവന് വഴിയിൽ പേടിയില്ലെന്ന് മുഖ്യമന്ത്രി എഴുതി വച്ചാൽ പോരാ, അത് തെളിയിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സ്വർണക്കടത്ത് കേസിൽ നിയമവിരുദ്ധമായ കാര്യങ്ങൾ കേരളത്തിലെ യുഎഇ കോൺസുലേറ്റിൽ നടന്നുവെന്നും അത് കേന്ദ്ര സർക്കാരിന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞത് കേന്ദ്ര വിദേശകാര്യ മന്ത്രിയാണ്. ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളതെന്നും വി.ഡി സതീശന്‍ പറഞ്ഞു.
യുഡിഎഫിന് സ്വന്തമായ അന്വേഷണമില്ല, സംസ്ഥാന സർക്കാരാണ് അന്വേഷിക്കേണ്ടത്. സ്വർണം കടത്തിയത് ആരാണെന്നത് കണ്ടെത്തണം. എന്നാൽ ഇതൊന്നും ചർച്ച ചെയ്യാൻ പോലും സർക്കാർ ഭയപ്പെടുകയാണെന്നും വി.ഡി സതീശൻ ആരോപിച്ചു. കോൺസുലേറ്റും പ്രോട്ടോക്കോൾ ലംഘനവും ഉൾപ്പെട്ട വിഷയമായതിനാൽ സിബിഐയ്ക്ക് മാത്രമേ അന്വേഷിക്കാൻ കഴിയുകയുള്ളൂ. അതു കൊണ്ടാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടതെന്നും വി.ഡി സതീശൻ വ്യക്തമാക്കി.