തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യമേഖലയെ മികച്ചതാക്കിയത് മുന്‍ യുഡിഎഫ് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെന്ന് ഉമ്മന്‍ചാണ്ടി. രാഷ്ട്രീയ വിരോധം കൊണ്ട് യുഡിഎഫ് കൊണ്ടുവന്ന മെഡിക്കൽ കോളജുകളടക്കം എൽഡിഎഫ് സർക്കാർ നിർത്തലാക്കിയെന്നും ഇത് തിരിച്ചടിയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വലിയൊരു പോരാട്ടമാണ് കൊവിഡിനെതിരെ നടക്കുന്നത് എന്നതിനാല്‍ സർക്കാരിന്‍റെ പ്രവർത്തനങ്ങളെ വിമർശിക്കുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
സർക്കാരിന് പ്രതിപക്ഷം എന്ന നിലയിൽ ആവശ്യമായ നിർദേശങ്ങൾ നൽകും. സർവകക്ഷി യോഗത്തിൽ പങ്കെടുക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. നാല് വർഷവും പ്രതിപക്ഷം മികച്ച രീതിയിലാണ് പ്രവർത്തിച്ചത്. മുഖ്യമന്ത്രിയുടെ നെഞ്ചത്ത് കല്ലെറിയുന്നതല്ല യുഡിഎഫിന്‍റെ പ്രതിപക്ഷ പ്രവർത്തനമെന്നും ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുമെന്നും തുടർ ഭരണമെന്നൊക്കെയുള്ള സർക്കാരിന്‍റെ പ്രചരണത്തില്‍ ജനം തീരുമാനമെടുക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരത്തിൽ നിരവധി അവകാശവാദങ്ങൾ കേട്ടിട്ടുള്ളതായും സംസ്ഥാന സർക്കാർ മദ്യ വിതരണത്തിൽ നൽകുന്ന ശ്രദ്ധ മറ്റ് പ്രശ്നങ്ങൾക്ക് കൂടി നൽകണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.