തിരുവനന്തപുരം: അഴിമതിക്കേസില്‍ പ്രതിയായ കെ എ രതീഷിനെ കണ്‍സ്യൂമര്‍ഫെഡ് എംഡിയാക്കാന്‍ സര്‍ക്കാര്‍ നീക്കം. അര്‍ഹരായവരെ ഒഴിവാക്കിയാണ് രതീഷിനെ നിയമിക്കാന്‍ നീക്കം നടക്കുന്നതെന്നാണ് ആരോപണം. നിയമനത്തിനായി സര്‍ക്കാര്‍ വിജിലന്സിന്റെ ക്ലിയറന്‍സ് തേടിയിട്ടുണ്ട്. അതേസമയം വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും സാധാരണഗതിയില്‍ നിയമനത്തിന് മുമ്പ് വിജിലന്‍സ് പരിശോധന ആവശ്യമാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
കെ എ രതീഷ് കശുവണ്ടി വികസന കോര്‍പ്പറേഷന്‍ എംഡിയായിരുന്ന സമയത്താണ് തോട്ടണ്ടി ഇറക്കുമതിയില്‍ വന്‍ അഴിമതി നടത്തിയെന്ന് വിജിലന്‍സ് കണ്ടെത്തിയത്. പിന്നീട് വിജിലന്‍സ് ഇയാളെ കുറ്റവിമുക്തനാക്കിയെങ്കിലും കേസില്‍ സിബിഐ അന്വേഷണം തുടരുകയാണ്. കെ എ രതീഷിനെ പ്രതിയാക്കിയാണ് സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ കെ എ രതീഷിന് ക്ലീന്‍ ചിറ്റ് നല്‍കി. തുടര്‍ന്ന് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്റര്പ്രണര്ഷിപ് എക്‌സിക്യൂട്ടിവ് ഡയറക്ടറായി നിയമനവും നല്‍കി.
കണ്‍സ്യൂമര്‍ഫെഡ് എംഡി സ്ഥാനത്തേക്ക് പത്രപരസ്യം നല്കിയതിന്റെ അടിസ്ഥാനത്തില്‍ 15 പേര്‍ ചുരുക്കപ്പട്ടികയില്‍ ഇടം നേടുകയും ഇതില്‍ അഞ്ച് പേരെ അഭിമുഖ പരീക്ഷക്ക് ക്ഷണിക്കുകയും ചെയ്തു. അഭിമുഖത്തില്‍ കെ എ രതീഷാണ് ഒന്നാം സ്ഥാനത്തെത്തിയത്. അര്‍ഹരായ മറ്റ് നാല് പേരെ പിന്തള്ളിയാണ് ഇത്തരത്തില്‍ അഴിമതി കേസില്‍ സിബിഐ അന്വേഷണം നേരിടുന്ന ഒരാളെ നിയമിക്കാനുള്ള നീക്കം നടക്കുന്നതെന്നാണ് ആരോപണം. കൂടാതെ 1000 കോടിയുടെ അഴിമതി നടന്നതായി കണ്ടെത്തിയ കണ്‍സ്യൂമര്‍ഫെഡിലാണ് ഇത്തരത്തില്‍ വഴിവിട്ട് നിയമം നടത്തുന്നത്.
അതേസമയം നിയമം സംബന്ധിച്ച ഫയല്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അഴിമതിക്കാരെ പ്രോത്സാഹിപ്പിക്കുന്ന നയമല്ല സര്ക്കാരിന്റേതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇതുകൂടാതെ ഭരണകക്ഷിയില്‍ ഉള്ള സ്വാധീനമാണ് നിയമനത്തിന് കാരണമെന്നും ആരോപണമുണ്ട്.