തിരുവനന്തപുരം : കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ നഗരസഭയിലേക്ക് ഓഗസ്റ്റ് 20ന് നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍. രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. രേഖകളായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചുള്ള എസ്എസ്എല്‍സി ബുക്ക്, ദേശസാല്‍കൃത ബാങ്ക് ആറുമാസം മുന്‍പുവരെ നല്‍കിയ ഫോട്ടോ പതിച്ച പാസ് ബുക്ക്, എന്നിവ ഉപയോഗിക്കാം.
35 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. 18 വാര്‍ഡുകള്‍ സ്‌ത്രീകള്‍ക്കും ഒരെണ്ണം പട്ടിക ജാതിക്കാര്‍ക്കും സംവരണം ചെയ്‌തിട്ടുണ്ട്. 35 വാര്‍ഡുകളിലായി 111 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.
18021 പുരുഷന്‍മാരും 20608 സ്ത്രീകളും 2 ട്രാന്‍സ് ജെൻഡറുകളുമാണ് വോട്ടര്‍ പട്ടികയിലുള്ളത്. വോട്ടെണ്ണല്‍ ഓഗസ്റ്റ് 22ന് രാവിലെ ആരംഭിക്കും. മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വോട്ടെണ്ണല്‍. രണ്ട് കൗണ്ടിംഗ് ഹാളുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണം : മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം അവസാനിച്ചു. സിപിഎം മന്ത്രിമാരും മുതിർന്ന നേതാക്കളും ഉള്‍പ്പടെയുള്ളവർ പ്രചാരണത്തിന് എത്തി. നാളെ(19.08.2022) നിശബ്‌ദ പ്രചാരണം നടക്കും. മട്ടന്നൂർ നഗര സഭയിൽ ഭരണം പിടിക്കാൻ യുഡിഎഫും ഭരണം നിലനിലനിർത്താൻ എൽഡിഎഫും തമ്മിൽ ഇഞ്ചോട് ഇഞ്ചുള്ള പോരാട്ടമാണ് നടക്കുന്നത്. അതിന്‍റെ വീറും വാശിയുമാണ് പ്രചാരണത്തിന്‍റെ സമാപന ദിവസമായ ഇന്ന്(18.08.2022) മട്ടന്നൂരിൽ ദൃശ്യമായത്.
പോരാട്ടം യുഡിഎഫും എൽഡിഎഫും തമ്മിൽ : യുഡിഎഫിന്‍റെ പ്രചാരണത്തിന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എംഎല്‍എ നേതൃത്വം നൽകി. ഷാഫി പറമ്പിൽ നടത്തിയ റോഡ് ഷോയിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. ആകെയുള്ള 35 സീറ്റിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് പ്രധാന മത്സരം. നഗരസഭ രൂപീകരണം മുതൽ 25 വർഷക്കാലമായി എൽഡിഎഫ് ആണ് നഗരസഭ ഭരിക്കുന്നത്. അത് തുടരാൻ കഴിയുമെന്ന പ്രതീക്ഷയാണ് എൽഡിഎഫിന്.