തിരുവനന്തപുരം: മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെ ഇന്നു മുതൽ കർശന നടപടിയുണ്ടാകുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാധ്യായ. എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരമാകും കേസെടുക്കുക. 500 രൂപ വരെ പിഴ ചുമത്താവുന്ന കുറ്റമാണിത്.
അത്യാവശ്യ കാര്യങ്ങൾക്കായി പുറത്തിറങ്ങുന്നവർ നിർബന്ധമായും മാസ്ക് അല്ലെങ്കിൽ തൂവാലകൊണ്ട് വായും മൂക്കും മറയ്ക്കണമെന്നാണ് സർക്കാർ നൽകിയിരിക്കുന്ന നിർദേശം. ഇത് കർശനമായി നടപ്പിലാക്കാനാണ് പൊലീസിന്‍റെ തീരുമാനം. തിരുവനന്തപുരം നഗരസഭാ പരിധി ഹോട്ട്‌സ്‌പോട്ട് ആയതിനാൽ കർശനമായ പരിശോധന തുടരും. അത്യാവശ്യക്കാരെ മാത്രമേ നഗരത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കൂ. സർക്കാർ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ കർശനമായ നടപടി ഉണ്ടാകുമെന്നും സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു.